പിഞ്ചു കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
കൽപ്പറ്റ: ആറു മാസം പ്രായമുള്ള കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൊതരക്കര കോച്ചറ കോളനിയിലെ രാജനെയാണ് (22) അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇയാൾ ഭാര്യ ആതിരയുടെ കയ്യിൽനിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത് പുഴയിൽ എറിഞ്ഞു കൊല്ലാൻ കൊണ്ടുപോകുകയായിരുന്നു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സിവിൽ പോലീസ് ഓഫീസർ സന്ദീപ്, ഹോംഗാർഡ് സെബാസ്റ്റ്യൻ എന്നിവരെ ആക്രമിച്ചു. തുടർന്നു നാട്ടുകാരുടെ സഹായത്തോടെയാണ് അഡീഷനൽ എസ്.ഐ പുഷ്പാകരൻ ഇയാളെ അറസ്റ്റ് ചെയ്തത്. പരുക്കേറ്റ ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. 2016ൽ ഇദ്ദേഹത്തിന്റെ അഞ്ചു വയസ്സുള്ള കുട്ടിയെ പുഴയിൽ എറിഞ്ഞുകൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിലായിരുന്നു.

