കണ്ണൂർ വിമാനത്താവളം : പാസഞ്ചർ ടെർമിനൽ ഈ മാസം അവസാനത്തോടെ
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവൃത്തി പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പൂർത്തിയാകും. എന്നാൽ സർവ്വീസ് തുടങ്ങാൻ സപ്തംബർ വരെ കാത്തിരിക്കേണ്ടി വരും. ഈ മാസം അവസാനത്തോടെ പാസഞ്ചർ ടെർമിനൽ നിർമ്മാണം തീരും. പാസഞ്ചർ ടെർമിനിലിലെ ഡ്യൂട്ടിഫ്രീ ഷോപ്പ്, കമേഴ്സ്യൽ സ്ഥാപനങ്ങൾ, ഹൗസ് കീപ്പിംഗ് തുടങ്ങി 31 ഇനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. ഡിസംബർ അവസാനവാരം വരെയാണ് കാലാവധി. ടെർമിനൽ കെട്ടിടത്തിൽ വൈ ഫൈ അടക്കമുള്ള ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഒരുക്കൽ, കാർപാർക്കിംഗ് ഏജൻസി, ബാഗേജ് കൊണ്ടുപോകുന്ന ട്രോളി വിതരണം, മെഡിക്കൽ എമർജൻസി സർവ്വീസ് തുടങ്ങിയ മേഖലകളിലേക്ക് 20ന് മുന്പ് ടെൻഡർ നൽകണം.
വിമാനത്താവളത്തിന്റെ പ്രാഥമിക ലൈസൻസിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായാൽ സിവിൽ ഏവിയേഷൻ വകുപ്പിന്റെ പരിശോധന ആരംഭിക്കും. വ്യോമയാന മന്ത്രാലയത്തിന്റെയും എയർപോർട്ട് അതോറിറ്റിയുടെയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റിയുടെയും ലൈസൻസുകൾ നേടിയെടുക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് കിയാൽ അധികൃതർ.
പാസഞ്ചർ ടെർമിനലിനകത്തെ മിനുക്കുപണികളും കാബിനുകളുടെ നിർമ്മാണവുമാണ് ഇപ്പോൾ നടക്കുന്നത്. വൈദ്യുതി ലഭിച്ചതോടെ വൈദ്യുതി, പ്ലന്പിംഗ് സംവിധാനങ്ങളുടെ പരിശോധനയും നടക്കുന്നുണ്ട്. ഡിസംബറോടെ പാസഞ്ചർ ടെർമിനലിൽ ഇവയൊക്കെ നിലവിൽവരും. സർവ്വീസ് നടത്താൻ തീരുമാനിച്ച വിമാന കന്പനികളുടെ ഓഫീസുകളും തുറക്കും. ജനുവരി 15നകം ടെർമിനൽ പൂർണതയിലെത്തിക്കാനാണ് തീരുമാനം.

