മീൻവല്ലത്ത് മൈക്രോ ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നു
പാലക്കാട് : കരിന്പ ഗ്രാമപ്പഞ്ചായത്തിലെ മീൻവല്ലത്ത് മൈക്രോ (സൂക്ഷ്മ) ജലവൈദ്യുതപദ്ധതി നടപ്പാക്കും. പെരിങ്ങൽക്കുത്തിൽ 2016 ജനുവരിയിൽ കെ.എസ്.ഇ.ബി. ആരംഭിച്ച 11 കിലോവാട്ട് പദ്ധതിക്കുശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു മൈക്രോ ജലവൈദ്യുതപദ്ധതി വരുന്നത്. പാലക്കാട് ജില്ലാപഞ്ചായത്താണ് 40 കിലോവാട്ട് ശേഷിയുള്ള മൈക്രോപദ്ധതി ഒരുക്കുന്നത്.
ഉയർന്ന പ്രദേശത്തുനിന്നുള്ള സ്വാഭാവിക നീരൊഴുക്കിന്റെ ശക്തിയിൽ ആർക്കിമെഡസ് സ്ക്രൂ ടർബൈൻ പ്രവർത്തിപ്പിച്ചാണ് മൈക്രോപദ്ധതിയിൽ വൈദ്യുതി ഉൽപ്പാദനം. പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കുന്നതിന് വൻ ചെലവുവരുന്നിടത്താണ് മൈക്രോപദ്ധതിയുടെ പ്രാധാന്യമേറുന്നത്. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനിയാണ് മീൻവല്ലത്ത് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ അനുമതിലഭിച്ച പദ്ധതിയുടെ നിർമ്മാണം വൈകാതെ ആരംഭിക്കും.
സൂര്യപ്രകാശം, കാറ്റ്, ജലശക്തി എന്നിവയുടെ സഹായത്തോടെ അഞ്ച് മുതൽ 100 കിലോവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മൈക്രോ നിലയങ്ങൾ. ചെറിയ ജനറേറ്ററും ഇത് പ്രവർത്തിപ്പിക്കുന്ന ടർബൈനുമാണ് പ്രധാന ഭാഗങ്ങൾ.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടർബൈനാണ് മീൻവല്ലത്ത് സ്ഥാപിക്കുന്നത്. വെള്ളം ശക്തിയിൽ ഒഴുകുന്ന ഭാഗത്ത് ടർബൈൻ ഘടിപ്പിക്കും. ടർബൈൻ മുകൾഭാഗത്തുള്ള ജനറേറ്ററിലാണ് ഉൽപ്പാദനം. നീരൊഴുക്കിന്റെ ശക്തി കൂടുന്നതിനനുസരിച്ച് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ തോതും കൂടും.

