ഓഖി­ ചു­ഴലി­ക്കാ­റ്റിൽ‍ കടലിൽ‍ അകപ്പെ­ട്ടവർ‍­ക്കായി തിരച്ചിൽ തു­ടരു­ന്നു­


തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ‍ കടലിൽ‍ അകപ്പെട്ടവർ‍ക്ക് വേണ്ടി വ്യോമസേനയും നാവികസേനയും തീര സംരക്ഷണസേനയും നാലാം ദിവസവും രക്ഷാപ്രവർ‍ത്തനം തുടരുന്നു. വിവിധ സ്ഥലങ്ങളിലായി ഇന്ന് 69 പേരെ രക്ഷിച്ചു. നേവി രക്ഷിച്ച നാല് തൊഴിലാളികളെ ശംഖുമുഖത്തും 16 പേരെ കൊല്ലം ശക്തികുളങ്ങരയിലും എത്തിച്ചു. കോസ്റ്റ് ഗാർ‍ഡ് രക്ഷിച്ച 19 പേരെ കൊച്ചി ചെല്ലാനത്ത് എത്തിച്ചപ്പോൾ നേവി രക്ഷിച്ച 22 തൊഴിലാളികളുമായുള്ള കപ്പൽ‍ ബേപ്പൂരിലെത്തി. 

കന്യാകുമാരി മുതൽ‍ കൊച്ചി വരെ 150 കിലോമീറ്റർ‍ ദൂരത്താണ് തിരച്ചിൽ‍ നടത്തുന്നത്. ചെറുതും വലുതുമായ ആറ് ഹെലികോപ്ടറുകളും ഒന്പത് കപ്പലുകളും തിരച്ചിലിനായി രംഗത്തുണ്ട്‌. മൂന്ന് ദിവസമായി നാനൂറ്റി അന്പതിലേറെ ആളുകളെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും എത്രപേർ‍ കടലിൽ‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നത് ഇപ്പോഴും വ്യക്തമല്ല. 92 പേരെ ഇനി രക്ഷപ്പെടുത്താനുണ്ടെന്നാണ് സർ‍ക്കാർ‍ പറയുന്നത്. എന്നാൽ അതിനേക്കാൾ കൂടുതൽ വരുമെന്നാണ് നാട്ടുകാരുടെ നിഗമനം. വിഴിഞ്ഞം, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിൽ‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കടലിൽ‍ കുടുങ്ങിയതിൽ‍ കൂടുതലും. സുരക്ഷിത സ്ഥാനം തേടിയുള്ള യാത്രയ്ക്കിടെ പല ബോട്ടുകളും തകരുകയും ഇന്ധനമില്ലാതെ നടുക്കടലിൽ‍ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട് ഈ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചാണ് ഇപ്പോൾ‍ പ്രധാനമായും ആശങ്ക നിലനിൽ‍ക്കുന്നത്. തകർ‍ന്നു പോയ ബോട്ടുകളിൽ‍ നിന്ന് സുരക്ഷാസേന രക്ഷിച്ചവർ‍ ഒപ്പമുള്ള ചിലർ‍ മുങ്ങിപ്പോവുന്നത് കണ്ടതായി മൊഴി നൽ‍കിയിട്ടുണ്ട്.

അതിനിടെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികൾ‍ തന്നെ രക്ഷാപ്രവർ‍ത്തനത്തിനായി ഇറങ്ങി. പൂന്തുറയിൽ‍ നിന്നും വിഴിഞ്ഞത്തു നിന്നും അന്പത്തിയഞ്ച് വള്ളങ്ങളാണ് തിരച്ചിലിനായി പുറപ്പെട്ടത്. ഒരു ദിവസം കടലിൽ‍ കഴിയാനുള്ള സജ്ജീകരണങ്ങളുമായി ഇരുന്നൂറിലേറെ തൊഴിലാളികളാണ് രക്ഷാപ്രവർ‍ത്തനത്തിനായി ഈ വള്ളങ്ങളിലുള്ളത്. അതിനിടെ ഇന്ന് മൂന്ന് മൃതദേഹങ്ങൾ‍ കൂടി കണ്ടെടുത്തതോടെ കേരളത്തിലെ മരണം 18 ആയി. രക്ഷാപ്രവർ‍ത്തനം വിലയിരുത്താനെത്തിയ മന്ത്രിമാർ‍ക്കെതിരെ വിഴിഞ്ഞത്ത് ജനങ്ങളുടെ പ്രതിഷേധമുണ്ടായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ‍ക്കെതിരെയാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. മന്ത്രിമാരെ ചിലർ‍ കൂകിവിളിച്ചു. ഇതുവരെ വരാതിരുന്ന മന്ത്രിമാർ‍ ഇനി വരേണ്ടതില്ല എന്ന നിലപാടിലായിരുന്നു ജനങ്ങൾ‍. ആർ‍ച്ച് ബിഷപ്പ് സൂസെപാക്യത്തിനൊപ്പമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തിയത്. എന്നാൽ‍, കടലിൽ‍ കാണാതായവരുടെ കുടുംബാംഗങ്ങളെ കാണാൻ മന്ത്രിമാരെ അനുവദിക്കില്ലെന്ന് നാട്ടുകാർ‍ പറഞ്ഞു. 

അതേസമയം കേരളാ തീരത്തെ വിറപ്പിച്ച് ലക്ഷദ്വീപിലേയ്ക്ക് എത്തിയ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത നിർ‍ദേശം നൽ‍കിയിരിക്കുകയാണ്. ലക്ഷദ്വീപിലെ മിക്ക ദ്വീപുകളിലും, കഴിഞ്ഞ ദിവസം കനത്ത കാറ്റും കടലാക്രമണവും അനുഭവപ്പെട്ടു. മിനിക്കോയ് ദ്വീപിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആളപായം സംഭവിക്കാത്തത് മാത്രമാണ് ദ്വീപുകാരുടെ ആശ്വാസം.

ഓഖി ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പ് ലഭിക്കുന്നത് വൈകിയെന്ന സംസ്ഥാന സർ‍ക്കാരിന്‍റെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി അൽ‍ഫോൻ‍സ് കണ്ണന്താനം ഒരു മണിക്കൂറിനകം സ്വന്തം വാക്ക് തിരുത്തി. നേരത്തെ, മുഖ്യമന്ത്രി വിളിച്ചു ചേർ‍ത്ത ഉന്നതതല യോഗത്തിന് ശേഷം മുന്നറിയിപ്പ് ലഭിക്കാൻ വൈകിയെന്ന് കണ്ണന്താനം പറഞ്ഞിരുന്നു എന്നാൽ‍ ഒരു മണിക്കൂറിനുശേഷം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തിയപ്പോൾ മുന്നറിയിപ്പ് നേരത്തെ നൽ‍കിയിരുന്നുവെന്ന് കണ്ണന്താനം മാറ്റിപ്പറഞ്ഞു. ചുഴലിക്കാറ്റിന്‍റെ വിവരങ്ങളാണ് 30ന് ഉച്ചയ്ക്ക് കൈമാറിയതെന്നും ന്യൂനമർ‍ദമുണ്ടെന്നും മുൻ‍കരുതലെടുക്കണമെന്നും 29ന് തന്നെ സംസ്ഥാന സർ‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. 

നേരത്തെ, ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽ‍കുന്നതിൽ‍ വീഴ്ച സംഭവിച്ചുവെന്നാണ് കണ്ണന്താനം പറഞ്ഞത്. സംസ്ഥാനത്തെ കേന്ദ്രം വിവരം അറിയിച്ചത് നവംബർ‍ 30നാണ്. കാറ്റിന്‍റെ ഗതിയെകുറിച്ച് അവ്യക്തതകൾ‍ ഉണ്ടായിരുന്നുവെന്നും കണ്ണന്താനം മാധ്യമ പ്രവർ‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഒാഖി ചുഴലിക്കാറ്റിെന തുടർന്നാണ്ടായ അപകടത്തിൽ സംസ്ഥാനം നടത്തിയത് മികച്ച രക്ഷാ പ്രവർത്തനമാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ പ്രഖ്യാപിക്കാനുള്ള പദ്ധതിയില്ല. ദുരിതാശ്വാസ പ്രവർ‍ത്തനങ്ങൾ‍ക്കായി ആവശ്യത്തിനുള്ള തുക സംസ്ഥാനത്തിന് നൽ‍കിയിട്ടുണ്ട്. കടലിൽ‍ കാണാതായവർ‍ക്കുവേണ്ടി രക്ഷാപ്രവർ‍ത്തനം വടക്കൻ‍ തീരമേഖലയിലേക്ക് നടത്തുമെന്നും കണ്ണന്താനം പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed