കൊച്ചി മെട്രോയുടെ പ്രതിദിന വരുമാനത്തിൽ വർദ്ധനവ്
കൊച്ചി : പ്രതിദിന വരുമാനത്തിൽ കൊച്ചി മെട്രോ സ്ഥിരതയാർജ്ജിക്കുന്നു. മെട്രോ സർവ്വീസ് ആരംഭിച്ച് അഞ്ച് മാസം പിന്നിടുന്പോഴാണ് പ്രതിദിന വരുമാനത്തിൽ മെട്രോയ്ക്ക് സ്ഥിരത കൈവരിക്കാനായത്. മഹാരാജസ് വരെ മെട്രോ സർവ്വീസ് നീട്ടിയതും യാത്രക്കാർക്ക് ആകർഷകമായ പാക്കേജുകൾ പ്രഖ്യാപിച്ചതുമാണ് നേട്ടം കൈവരിക്കാൻ സഹായകമായത്.
നിവലിൽ ശരാശരി 9 മുതൽ 10 ലക്ഷം രൂപ വരെയാണ് പ്രതിദിന വരുമാനം. ഉദ്ഘാടന മാസത്തിൽ റെക്കോർഡ് വരുമാനമാണ് മെട്രോക്കുണ്ടായത്. മെട്രോയിൽ യാത്ര ചെയ്തവർ, 46696 പേർ. വരുമാനം 1 കോടി 56 ലക്ഷത്തി ആറായിരത്തി അറനൂറ്റി നാൽപത്തി ഏഴ് രൂപ. ആദ്യ യാത്രയുടെ കൗതുകം മാറിയതും യാത്രക്കാരുടെ എണ്ണത്തിലുംഇടിവുണ്ടായി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ യാത്രക്കാർ നേർ പകുതിൽ താഴെ മാത്രം. 22,640 പേർ.
ആഗസ്റ്റ് സപ്തംബർ മാസങ്ങളിൽ കൊച്ചി മെട്രോയിൽ കയറിയവർ 26,540 പേർ. എന്നാൽ ഒക്ടോബർ 3ന് മെട്രോ മഹാരാജസ് വരെ സർവ്വീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം 29,582 എത്തി. അതോടെ 7ലക്ഷം മുതൽ 8 ലക്ഷം വരെയായിരുന്ന പ്രതിദിന ശരാശരി വരുമാനം പതിനൊന്ന് ലക്ഷത്തി അന്പതിനായിരത്തി ഇരുനൂറ്റി നാൽപ്പത്തിയെട്ട് രൂപയായി. എന്നാൽ മടക്കയാത്ര സൗജന്യമാണ് മികച്ച പ്രതികരണമുണ്ടാക്കിയിരിക്കുന്നത്. നവംബർ 14 മുതൽ 23 വരെയുള്ള 9 ദിവസം കൊണ്ട് മാത്രം യാത്രക്കാരുടെ എണ്ണം നാൽപ്പത്തി അയ്യായിരം കടന്നു. ഉദ്ഘാടനമാസത്തെ യാത്രക്കാരുടെ എണ്ണത്തിന് അടുത്ത്.


