സി.കെ വിനീതിന് സർക്കാർ ജോലി : തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം : ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീതിന് സ്പോർട്സ് ക്വാട്ടയിൽ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിൽ അസിസ്റ്റന്റായി സൂപ്പർ ന്യൂമററി തസ്തികയിൽനിയമനം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അധ്യാപകരുടെ വിരമിക്കൽ തീയ്യതി അക്കാഡമിക്ക് വർഷത്തിന്റെ അവസാനം വരെ നീട്ടുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
അതേസമയം ഈ വർഷം ജൂലൈ 31നോ അതിനു മുന്പോ നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാൻ നിയമഭേദഗതി കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സുരക്ഷ, ഉറപ്പ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ കോന്പൗണ്ടിംഗ് ഫീസ് ഈടാക്കിയാകും കെട്ടിടങ്ങൾ ക്രമവൽകരിക്കുക.
ഇതിനായി കേരള പഞ്ചായത്ത് രാജ് നിയമത്തിലുംകേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകൾ പുനഃരുദ്ധാരണം എന്നിവയും ക്രമവൽക്കരണ പരിധിയിൽ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങൾ ക്രവൽക്കരിക്കുന്നതിനുള്ള അധികാരം പഞ്ചായത്തിലാണെങ്കിൽ ജില്ലാ ടൗൺപ്ലാനർ, ഡെപ്യൂട്ടി ഡയറക്ടർ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സമിതിക്കായിരിക്കും. നഗരങ്ങളിലാണെങ്കിൽ ഇതിനുളള അധികാരം ജില്ലാ ടൗൺ പ്ലാനർ, റീജിണൽ ജോയിന്റ് ഡയറക്ടർ (അർബൻ അഫേയ്ഴ്സ്) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതിക്കായിരിക്കും.
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ ജനാധിപത്യവൽക്കരണം ലക്ഷ്യമിട്ട് സർവ്വകലാശാലാ നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി അനുസരിച്ച് സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധികളും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളും ഉണ്ടാകും. സെനറ്റിലെ ആറ് വിദ്യാർത്ഥി പ്രതിനിധികളിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിയുമായിരിക്കും. ഓർഡിനൻസ് നിയമമാകുന്പോൾ മറ്റ് സർവ്വകലാ ശാലകളിലെപോലെ ബോർഡ് ഓഫ് സ്റ്റഡീസ്, ഫിനാൻസ് കമ്മിറ്റി, പ്ലാനിംഗ് കമ്മിറ്റി, വിദ്യാർത്ഥി കൗൺസിൽ എന്നിവ രൂപീകൃതമാകും.
നിലവിലുളള നിർവ്വാഹക സമിതിക്കു പകരം ഇനി സിൻഡിക്കേറ്റായിരിക്കും നിലവിലുണ്ടാവുക. സിൻഡിക്കേറ്റിൽ വിദ്യാർത്ഥി പ്രതിനിധിക്ക് പ്രാതിനിധ്യമുണ്ടാകും. വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയാകാത്ത സാഹചര്യത്തിൽ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിയെ സർക്കാരിന് നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
സിംഗിൾ ജഡ്ജിയുടെ സാന്പത്തിക അധികാര പരിധി ഒരു ലക്ഷം രൂപയിൽനിന്ന് നാൽപത് ലക്ഷം രൂപയായി ഉയർത്താൻ കേരള ഹൈക്കോടതി നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാനും ഗവർണറോട് ശുപാർശ ചെയ്യും.


