രാജീവ് വധക്കേസ് : സി.പി ഉദയഭാനുവിന് ജാമ്യമില്ല
കൊച്ചി : ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെതിരെ വ്യക്തവും ശക്തവുമായ തെളിവുകൾ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ജാമ്യം ലഭിച്ചാൽ ഉന്നത സ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദവും കോടതി കണക്കിലെടുത്തു.
നേരത്തേ കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിലെ അഞ്ചാം പ്രതി ചക്കര ജോണി, ആറാം പ്രതി ഡ്രൈവർ രഞ്ജിത് എന്നിവരുടെ ജാമ്യ ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു. ഗൂഢാലോചനക്കുറ്റമാണ് ഉദയഭാനുവിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബർ ഒന്നിന് അറസ്റ്റിലായ ഉദയഭാനു സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
റിയൽ എേസ്റ്ററ്റ് ഇടപാടുകാരനായ രാജീവിന്‍റെ മരണത്തിൽ ഗൂഢാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റുപ്രതികളുമായും ഉദയഭാനുവിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.


