ചൈനീസ് ആപ്പുകൾ സൈനിക വിവരങ്ങൾ ചോർത്തുന്നു : മുന്നറിയിപ്പുമായി ഇന്റലിജൻസ്
ന്യൂഡൽഹി : ഇന്ത്യൻ സൈനിക വിഭാഗത്തിന്റെ സുപ്രധാന വിവരങ്ങൾ ചൈന ചോർത്തുന്നതായി ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്. വിവിധ മൊബൈൽ അപ്ലിക്കേഷൻസ് ഉപയോഗിച്ചാണ് ചൈന ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്നത്. ഇത്തരത്തിൽ വിവരം ചോർത്തുന്ന 42 ചൈനീസ് അപ്ലിക്കേഷൻസിന്റെ പട്ടികയും ഇന്റലിജൻസ് പുറത്ത് വിട്ടു. അതിനാൽ സൈനികരുടെ മൊബൈലിലെ വിവിധ ചൈനീസ് അപ്ലിക്കേഷൻസ് നീക്കം ചെയ്യാനോ സ്മാർട്ട് ഫോണുകൾ ഫോർമാറ്റ് ചെയ്യാനോ ഇന്റലിജൻസ് ഡി.എെ.ജി നിയന്ത്രണ രേഖയിലെ സൈനികർക്ക് നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
വി ചാറ്റ്, ട്രൂകോളർ, വെയ്ബോ, യു.സി ബ്രൗസർ, യു.സി ന്യൂസ് തുടങ്ങിയ അപ്ലിക്കേഷനുകൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കി. ഇത്തരം അപ്ലിക്കേഷനിലൂടെ വ്യക്തിപരമായ വിവരങ്ങളും ചൈനയ്ക്ക് ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടകരമാവും വിധം മാറുമെന്നുമാണ് മുന്നറിയിപ്പ്.
ദോക്്ലാം സന്ദർശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിർത്തി സുരക്ഷാ സേനയെ കൂടാതെ വിവിധ സെെനിക ഓഫീസർമാരോടും ഇത്തരം അപ്ലിക്കേഷൻസ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ ചൈനീസ് നിർമ്മിത ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്നും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും വിലക്കിയിട്ടുണ്ട്. ഇത്തരം ഫോണുകളിൽ നിന്നും ഉപഭോക്താവിന്റെ വിവരങ്ങൾ ചൈനയിലുള്ള റിമോർട്ട് സെർവറിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് നിർദ്ദേശം.


