ഗെയിൽ വിരുദ്ധ സമരം : സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു

കോഴിക്കോട് : മുക്കത്ത് ഗെയിൽ വാതക പൈപ്പ്ലൈൻ വിഷയത്തിൽ തിങ്കളാഴ്ച സർവ്വകക്ഷിയോഗം ചേരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ. ഇന്ന് സമരപന്തലിലെത്തിയ യു.ഡി.എഫ് നേതാക്കൾ പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു സർവ്വകക്ഷിയോഗം വിളിച്ച് സർക്കാർ ചർച്ചക്ക് തയ്യാറാവണമെന്നത്. ഈ സാഹചര്യത്തിലാണ് വരുന്ന തിങ്കളാഴ്ച കോഴിക്കോട് വെച്ച് സർവ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ മന്ത്രി എ.സി മൊയ്തീൻ പങ്കെടുക്കും. രണ്ട് ദിവസമായി പ്രദേശത്ത് തുടരുന്ന സമരം അക്രമാസക്തമാവുകയും, പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനും കർഷകരുടെ ആശങ്ക അകറ്റാനുമാണ് ചർച്ച. ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾ സർക്കാരിന്റെ കഴിവുകേട് മൂലം ഉണ്ടായതാണെന്നാണ് പരക്കെയുള്ള വിമർശനം. അതിനാൽ പദ്ധതിയുടെ എല്ലാവശങ്ങളും ജനങ്ങളുമായി പങ്ക് വച്ച് അവരേക്കൂടി വിശ്വാസത്തിലെടുക്കാനാണ് സർക്കാർ ശ്രമം.
ഗെയിൽ വിരുദ്ധ സമരം അക്രമാസക്തമായതിന് പിന്നിൽ തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷം ഉണ്ടാക്കുകയാണ് ചെയ്തത്. സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചതായും സംശയമുണ്ടെന്നും വടകര റൂറൽ എസ്.പി പുഷ്കരൻ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറാണ് തീരുമാനം.
മുക്കം ഗെയിൽ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരനും, മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ഇന്ന് സന്ദർശനം നടത്തിയിരുന്നു. മുക്കത്ത് നടക്കുന്ന നാട്ടുകാരുടെ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി.എം.സുധീരൻ പറഞ്ഞു. ജനങ്ങൾ ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് മുക്കത്ത് നടത്തുന്നത്. സമരം അവസാനിക്കുന്നത് വരെ യു.ഡി.എഫ് കൂടെയുണ്ടാകും. സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരകൾക്ക് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയ്യാറാകണം. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന ഇപ്പോഴത്തെ രീതി കമ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ല. അധികാരത്തിലിരിക്കുന്പോൾ ജനങ്ങൾക്കെതിരെ എന്ത് ക്രൂര കൃത്യങ്ങൾ ചെയ്യാനും തയ്യാറായ ഈദി അമീന്റെ രീതിയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ പിന്തുടരുന്നത്. ഇത് കമ്മ്യൂണിസ്റ്റുകൾക്ക് അപമാനമാണ്. സമരത്തെ തുടർന്ന് ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് സർക്കാർ മാത്രമാണ് ഉത്തരവാദി. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് സമരസമിതിയുമായും ജനപ്രതിനിധികളുമായും ചർച്ച നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.