150 ഏക്കർ സർക്കാർ ഭൂമി മറിച്ചുവിറ്റ സംഭവത്തിൽ വിജിലൻസ് കേസെടുത്തു

കൊല്ലം : വെളിയം മലയിൽ മലപ്പത്തൂരിൽ റബ്ബർ കൃഷിക്ക് നൽകിയ 150 ഏക്കർ സർക്കാർ ഭൂമി വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റ കേസിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നന്ദാവനം എേസ്റ്ററ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനി ഭൂമി മറിച്ചുവിറ്റെന്നാണ് ആരോപണം.
വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്ന സബ് രജിസ്ട്രാർ അടക്കമുള്ള ഏഴ് സർക്കാർ ഉദ്യോഗസ്ഥർ കേസിൽ പ്രതികളാണ്. നൂറുകോടി രൂപ വിലവരുന്ന ഭൂമിയാണ് വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റത്. കൊല്ലം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
റബ്ബർ കൃഷി നടത്താൻ വേണ്ടി സർക്കാരിൽനിന്ന് പാട്ടത്തിനെടുത്ത ഭൂമിയാണ് നന്ദാവനം എേസ്റ്ററ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനി വ്യാജ പ്രമാണം ചമച്ച് സ്വന്തമാക്കി പിന്നീട് മറിച്ച് വിറ്റത്. ഇവിടെ പുതിയ ഉടമ ക്രഷർ യൂണിറ്റ് ആരംഭിച്ചു. ക്രഷറിനെതിരെ നാലരവർഷമായി പ്രദേശവാസികൾ സമരത്തിലാണ്.