ശബരിമല തീർത്ഥാടനം : ചെങ്ങന്നൂരിലെ മുന്നൊരുക്കങ്ങൾ അവതാളത്തിൽ

ചെങ്ങന്നൂർ : ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ശബരിമലയുടെ പ്രവേശന കവാടവും പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ മുന്നൊരുക്കങ്ങൾ അവതാളത്തിൽ. ചെങ്ങന്നൂരിലെത്തുന്ന തീർത്ഥാടകർക്ക് സൗകര്യങ്ങളൊരുക്കാൻ മുൻവർഷങ്ങളിൽ സർക്കാർ അനുവദിച്ച തുക ഇക്കുറി ലഭിച്ചില്ല. ശബരിമല ഇടത്താവളങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ 2.20കോടി രൂപ അനുവദിച്ച് കഴിഞ്ഞ 27ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഫണ്ടിൽ നിന്നും ഒരു രൂപപോലും ചെങ്ങന്നൂരിന് ലഭിച്ചിട്ടില്ല.
ശബരിമല മുന്നൊരുങ്ങളുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ നഗരസഭയ്ക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി തുക അനുവദിക്കുമെന്ന് ചെങ്ങന്നൂരിൽ നടന്ന അവലോകന യോഗത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സരേന്ദ്രൻ ഉറപ്പു നൽകിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിച്ചുകൊണ്ടുള്ള പട്ടികയിൽ ചെങ്ങന്നൂരിനെ പരാമർശിച്ചിട്ടില്ല. എന്നാൽ മുൻവർഷത്തെ ഫണ്ടിന്റെ വിനിയോഗവും പുതിയതായി അനുവദിക്കേണ്ട പദ്ധതികളുടെ തുകയും സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് നഗരസഭ ഇതുവരെ സമർപ്പിച്ചിട്ടില്ല. ഇക്കാരണമാണ് സർക്കാർ ഫണ്ട് അനുവദിച്ചു നൽകുന്നതിൽ ചെങ്ങന്നൂരിനെ പരിഗണിക്കാഞ്ഞത് എന്നാണ് വിവരം. മാത്രമല്ല തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ നഗരസഭയെ പ്രതിനിധീകരിച്ച് ചെയർമാനോ മറ്റ് ഉദ്യോഗസ്ഥരോ പങ്കെടുത്തില്ല. തൊട്ടടുത്ത ദിവസം പുതിയ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കണമെന്ന നിർദ്ദേശവും പാലിച്ചില്ല.
ചെങ്ങന്നൂർ നഗരസഭയ്ക്ക് കഴിഞ്ഞ വർഷം സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ 12 ലക്ഷത്തിലേറെ തുക ഇനിയും ചെലവഴിച്ചിട്ടില്ല. അനുവദിക്കുന്ന തുകയ്ക്ക് അനുസരിച്ച് തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാരും നഗരസഭയും ഗൗരവം കാണിക്കാറില്ല. തീർത്ഥാടക സൗകര്യങ്ങൾ ഒരുക്കാൻ അനുവദിച്ച തുക ഉപയോഗിച്ച് ഫ്രണ്ട് ലോഡ് ട്രാക്ടർ വാങ്ങിയത് വിവാദമായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗവും മറ്റു വാഹനങ്ങളിലും ചെങ്ങന്നൂരിലെത്തി തീർത്ഥാടനത്തിന് പോകുന്നവർ ഏറെയാണ്. തീർത്ഥാടന കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുക ലഭിച്ചില്ലെങ്കിൽ ചെങ്ങന്നൂർ ഇടത്താവളത്തിലെത്തിയുള്ള അയ്യപ്പന്മാരുടെ യാത്ര കഠിനമാകും.