ബ്ലൂ വെയ്ൽ ഭീഷണി നിഷേധിച്ച് ഐ.ജി മനോജ് ഏബ്രഹാം
കൊച്ചി : കേരളത്തിൽ രണ്ട് വിദ്യാർത്ഥികളുടെ മരണത്തിന് പിന്നിൽ കൊലയാളി ഗെയിമായ ബ്ലൂ വെയിലാണെന്ന് ആരോപണമുയർന്നിരിക്കെ മരണങ്ങൾക്കു പിന്നിൽ ആത്മഹത്യാ പ്രവണതയോ വിഷാദരോഗമോ ആകാമെന്നും കേരളത്തിൽ സൈബർ ഡോമിന്റെ ചുമതലയുള്ള ഐ.ജി. മനോജ് എബ്രഹാം. ബ്ലൂ വെയ്ൽ ചലഞ്ച് എന്ന പേരിൽ ഒരു ഗെയിം കേരള സൈബർ ഡോം കണ്ടെത്തിയിട്ടില്ലെന്നും ഗെയിം കണ്ടെത്തുന്നതിനായി കേരള സൈബർ ഡോം രണ്ടാഴ്ച അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നും മനോജ് ഏബ്രഹാം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് മാത്രമായി ഒരു ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഇന്റർനെറ്റിൽ കിട്ടുമെങ്കിൽ എല്ലാവർക്കും കിട്ടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ സൈബർ സുരക്ഷ സംബന്ധിച്ച ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു മനോജ് ഏബ്രഹാം. കേരളത്തിലും ബ്ലൂ വെയ്ൽ ആത്മഹത്യ നടന്നുവെന്ന ആശങ്കാജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐജിയുടെ പ്രതികരണം. റഷ്യയിൽ 17 പേർ ബ്ലൂ വെയ്ൽ കളിച്ച് ജീവനൊടുക്കിയതായി സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുണ്ട്. എന്നാൽ പിന്നീട് അത്തരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കേരളത്തിൽ അത്തരം സാഹചര്യമില്ല.
ബ്ലൂ വെയ്‌ലിനെ ഒരു ഗെയിമായി കണക്കാക്കാനാകില്ലെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പ്രതികരിച്ചിരുന്നു. അത് ഗെയിമല്ല ചില ഭ്രാന്തൻ നിർദ്ദേശങ്ങൾ മാത്രമാണ്. ബ്ലൂ വെയ്‌ലുമായി ബന്ധപ്പെട്ട് ആത്മഹത്യാ വാർത്തകൾ വ്യാജ വാർത്തയാണെന്ന് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട അഭിഭാഷകൻ പാരി അഫ്താബ് പറഞ്ഞു.

