പഞ്ചായത്ത് ഓഫീസിന് തീയിട്ട് സബ് കോൺട്രാക്ടറുടെ ആത്മഹത്യാ ശ്രമം
ബാലരാമപുരം : പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസ് സബ് കോൺട്രാക്ടർ പെട്രോൾ ഒഴിച്ച് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ചു. അസിസ്റ്റന്റ് എൻജിനിയർ മാലിനിസാമിന്റെ ഓഫീസ് സബ് കോണ്‍ട്രാക്ടർ ഐത്തിയൂർ കോവിൽവിളാകം വീട്ടിൽ ഷൈസിങ്ങാ(40)ണ് കത്തിച്ചത്. പണിതീർത്ത ആയുർവ്വേദ ആശുപത്രി കെട്ടിടത്തിന്റെ കരാർപ്രകാരമുള്ള സെക്യൂരിറ്റി നിക്ഷേപത്തുക തിരികെ നൽകാത്തതിൽ പ്രതിഷേധിച്ചാണിത്. കൈക്കും കാലിനും പൊള്ളലേറ്റ ഇയാളെ ഓഫീസ് സ്റ്റാഫുകളും നാട്ടുകാരും ചേർന്ന് തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിച്ചു. നാട്ടുകാരും ജീവനക്കാരും ചേർന്ന് തീ അണച്ചു.
ഇന്നലെ വൈകീട്ട് 3.45−നായിരുന്നു സംഭവം. 2015−ൽ ഇടമനക്കുഴിയിൽ ആയുർവ്വേദ ആശുപത്രിക്ക് കെട്ടിടം പണിയാൻ ആർ.സി ബിജു എന്നയാളാണ് കരാർ എടുത്തത്. ഇയാളുടെ ബിനാമിയാണ് ഷൈൻസിങ്. ടെൻഡർ പ്രകാരം ഒരുലക്ഷത്തിപതിനായിരം രൂപ കരുതൽധനമായി അടച്ചിരുന്നു. ബിജു കരാർ ഏറ്റെടുത്തെങ്കിലും പൈലിംഗ് ഉൾപ്പെടെയുള്ള പണി ചെയ്തത് ഷൈൻ്‍സിങാണ്. അതുകൊണ്ട് അടച്ച തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പലതവണ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ എത്തിയിരുന്നു. അപ്പോഴൊക്കെ കരാറുകാരൻ നേരിട്ടെത്തിയാലേ തുക നൽകാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഷൈൻസിങ് ഓഫീസിലെത്തി. ഓഡിറ്റ് നടക്കുന്നതിനാൽ എ.ഇയും ഓവർസിയറും ക്ലർക്കും ഓഡിറ്റർക്കൊപ്പം പുറത്തിറങ്ങുന്നതിനിടെ ഷൈൻസിങ്, കുപ്പിയിൽ കരുതിയ പെട്രോൾ അലമാരയിലെ ഫയലുകളിലും മേശപ്പുറത്തും തളിച്ചശേഷം തീയിടുകയായിരുന്നു.
നെയ്യാറ്റിൻകരയിൽനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും അതിനുമുന്പ് തീ അണച്ചു. വിലപ്പെട്ട രേഖകളും ഫയലുകളും കത്തിനശിച്ചവയിൽപ്പെടും. എഇയുടെ ബാഗ്, എ.ടി.എം കാർഡ്, പാൻകാർഡ് എന്നിവ കത്തിനശിച്ചു. കൈക്ക് പൊള്ളലേറ്റ ഷൈൻസിങ്ങിന് ചികിത്സ നൽകി. സ്ഥലം വിരലടയാളവിദഗ്ധർ പരിശോധിച്ചു. ബാലരാമപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

