ദിലീപിന് ശക്തമായ പിന്തുണയുമായി നിർമാതാവ് ജി. സുരേഷ്കുമാർ


തിരുവനന്തപുരം : നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും തെറ്റുചെയ്യാത്ത ആളെ ശിക്ഷിക്കുകയാണെന്നും നിർമാതാവ് ജി. സുരേഷ്കുമാർ. ദിലീപിന്റെ തിയറ്റർ ഡി സിനിമാസ് പൂട്ടിക്കാൻ ശ്രമിക്കുന്നത് ആരെന്നു കണ്ടെത്തണമെന്നും ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാർ ഒളിച്ചോടിയെന്നു കരുതേണ്ടെന്നും സുരേഷ്കുമാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപിന് സിനിമമേഖലയിൽ നിന്നുകിട്ടുന്ന ആദ്യത്തെ ശക്തമായ പിന്തുണയാണ് ജി.സുരേഷ്കുമാറിന്റേത്.

നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണു ബന്ധമെന്ന് ചോദിച്ച അദ്ദേഹം, താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിനു പലയിടത്തും നിക്ഷേപമുണ്ടാകുമെന്നും പറഞ്ഞു. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താൻ പറ്റാത്തപ്പോൾ ജനറേറ്ററിന്റെ പേരിൽ പൂട്ടിക്കാൻ മനഃപൂർവം ശ്രമിക്കുന്നു. ഇത് എന്തിനെന്നും പിന്നിൽ ആരെന്നും കണ്ടെത്തണം. ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെയാരെയും പീഡനക്കേസിൽ എംഎൽഎ അറസ്റ്റിലായപ്പോൾ കണ്ടില്ല. ചാനലുകൾ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവർത്തകരുടെ കാര്യത്തിൽ എന്തുവേണമെന്നു സിനിമസംഘടനകൾ പിന്നീടു ചർച്ച ചെയ്യുമെന്നും സുരേഷ് കുമാർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed