ജമൈക്കൻ സൂപ്പർ താരം ഉസൈൻ ബോൾട്ടിന് വെങ്കലവുമായി മടക്കം
ലണ്ടൻ : ട്രാക്കുകളിൽ തീ പടർത്തി ലോക കായികവേദികളിൽ വേഗത്തിന്റെ പര്യായമായി മാറിയ ജമൈക്കൻ സൂപ്പർ താരം ഉസൈൻ ബോൾട്ട് 100 മീറ്ററിൽനിന്ന് വെങ്കലമെഡലുമായി പിൻവാങ്ങി. ലണ്ടനിൽ നടക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ 100 മീറ്റർ ഫൈനലിൽ 9.95 സെക്കൻഡിൽ ഓടിയെത്തിയ ബോൾട്ടിന് മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ. 9.92 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ യുഎസ് താരം ജസ്റ്റിൻ ഗാട്‍ലിൻ സ്വര്‍ണവും 9.94 സെക്കൻഡിൽ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യൻ കോൾമാൻ വെള്ളിയും നേടി.
4–100 മീറ്റർ റിലേയിൽ ജമൈക്കൻ ടീമിൽ അംഗമായി ബോൾട്ടിനെ ഒരിക്കൽ കൂടി മൽസരവേദിയിൽ കാണാം. 200 മീറ്ററിൽ നിന്നു പിൻമാറിയ ബോൾട്ട് 100 മീറ്ററിലും 4–100 മീറ്റർ റിലേയിലും മാത്രമേ ലണ്ടനിൽ മൽസരിക്കുന്നുള്ളൂ. ഹീറ്റ്സിൽ 10.09 സെക്കൻഡും സെമിയിൽ 9.98 സെക്കൻഡും കുറിച്ച ബോൾട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്. നൂറു മീറ്ററിൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡാണ് ലോക റെക്കോർഡ്.
ബോൾട്ടിന്റെ മുഖ്യ എതിരാളി യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിൻ സ്വർണത്തിലേക്ക് ഓടിയെത്തിയപ്പോൾ കൂക്കുവിളികളോടെയാണ് കാണികൾ വരവേറ്റത്. കഴിഞ്ഞ രണ്ടു ലോക ചാംപ്യൻഷിപ്പുകളിലും ബോൾട്ടിനു പിന്നിൽ രണ്ടാമനായിരുന്ന ഗാട്‍ലിൻ, 2013നു ശേഷം ഇതാദ്യമായാണ് ബോൾട്ടിനെ തോൽപ്പിക്കുന്നത്. ഒന്നാമനായി ഓടിയെത്തിയശേഷം ചുണ്ടിൽ വിരൽ ചേർത്ത് കാണികളോട് നിശബ്ദരാകാൻ ആവശ്യപ്പെട്ട ഗാട്‍ലിൻ, ട്രാക്കിനോട് വിടപറയുന്ന പ്രിയ എതിരാളിയുടെ മുന്നിൽ മുട്ടുകുത്തിനിന്ന് ആദരമർപ്പിച്ചു.
ഹീറ്റ്സിനുശേഷം സ്റ്റാർട്ടിങ് ബ്ലോക്കിന്റെ നിലവാരമില്ലായ്മയെക്കുറിച്ചും ബ്ലോക്ക് തനിക്കു പ്രശ്നമുണ്ടാക്കിയെന്നും ബോൾട്ട് പറഞ്ഞു. എന്നാൽ ഒളിംപിക്സിന് ഉപയോഗിച്ച അതേ നിലവാരത്തിലുള്ള ബ്ലോക്കുകളാണ് ഇവിടെയും ഉപയോഗിച്ചതെന്നാണ് സംഘാടകരുടെ വാദം.

