പാർട്ടി നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ ഉഴവൂർ വിജയൻ തയാറെടുത്തിരുന്നതായി വെളിപ്പെടുത്തൽ
കൊച്ചി : എന്‍സിപിയിലെ പ്രശ്നങ്ങളിൽ മനംനൊന്ത് പാർട്ടി നേതൃസ്ഥാനങ്ങൾ ഉപേക്ഷിക്കാൻ ഉഴവൂർ വിജയൻ തയാറെടുത്തിരുന്നതായി അദ്ദേഹത്തിന്റെ സന്തതസഹചാരിയായ സതീഷ് കല്ലക്കോടിന്റെ വെളിപ്പെടുത്തൽ. നേതാക്കളിൽ ചിലർ ഉഴവൂർ വിജയനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചു. മുതിർന്ന നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ചു സംസാരിച്ചതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുപോയി. തുടർന്നു താൻ ആശുപത്രിയിൽ എത്തിച്ചതായും സതീഷ് കല്ലക്കോട് പറഞ്ഞു.
ഉഴവൂർ വിജയനെ എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്നു പുറത്താക്കാനായിരുന്നു നേതാക്കളിൽ ചിലരുടെ ശ്രമം. ഇത്തരം നീക്കങ്ങളിൽ അദ്ദേഹം തളർന്നു പോയെന്നും സതീഷ് കല്ലക്കോട് പറഞ്ഞു. കുടുംബത്തെ ചേർത്ത് ഉന്നയിച്ച ദുരാരോപണങ്ങൾ അദ്ദേഹത്തെ ശാരീരികമായും ബാധിച്ചു. വൈകാതെ ആശുപത്രിയിൽ എത്തിച്ചു. താൻ ഹൃദ്രോഗബാധിതനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി താനായിരിക്കുമെന്നും മയൂരിയോട് വിജയൻ ഫോണിലൂടെ പറഞ്ഞിരുന്നു. മുൻപ് ഉണ്ടായിരുന്ന പലവിധ അസുഖങ്ങള്‍ വഷളായത് ഇതിനെ തുടര്‍ന്നാണെന്നും ഒപ്പമുണ്ടായിരുന്നവർ പറയുന്നു.

