നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സിപിഐ


കണ്ണൂർ : നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കണ്ണൂർ കലക്ടറുടെ നടപടിക്കെതിരെ സിപിഐ. എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരാണ് ഉത്തരവെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ ഉത്തരവ് പിൻവലിക്കില്ലെന്ന നിലപാടിലാണ് ജില്ലാ കലക്ടർ.

ആരോഗ്യമന്ത്രി ശരിയെന്ന് പറഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവാണ് എത്രയുംവേഗം പിൻവലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടത്. സമരങ്ങളെ നേരിടേണ്ടത് ഇങ്ങനെയല്ല. നഴ്സുമാരുടെ സമരം മാന്യമായി പരിഹരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. എന്നാൽ മൂന്നുദിവസത്തേക്ക് നിലവിലുള്ള സ്ഥിതി തുടരാനാണ് കലക്ടറുടെ തീരുമാനം. വിദ്യാർഥികള്‍ ജോലിക്കെത്തിയതുകാരണം നഴ്സുമാർ സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടെന്നും കലക്ടർ പറഞ്ഞു.

എന്നാൽ ഉത്തരവ് അനുസരിക്കാത്ത പരിയാരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം‌ തയ്യാറായിട്ടില്ല. മറ്റ് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന കലക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം നഴ്സിങ് കോളജിലെ വിദ്യാർഥികളുടെ സമരം തുടരുകയാണ്. ക്ലാസ് ബഹിഷ്കരിച്ചു കോളജിനു മുന്നിൽ രാവിലെ മുതൽ പ്രതിഷേധ സമരം തുടങ്ങി. തിങ്കളാഴ്ചയാണ് കലക്ടറുടെ ഉത്തരവിനെതിരെ പരിയാരം നഴ്സിങ്ങ് കോളജിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed