മികച്ച യുവ കർഷകനുള്ള പുരസ്കാരം നേടിയ ധനേഷ് എസ്. നായർ ലഹരിക്കടത്ത് കേസിൽ പിടിയിൽ; ലഹരിക്കടത്ത് നടത്തിയത് വാഴക്കുലയിൽ ഒളിപ്പിച്ച്
ശാരിക
എറണാകുളം: വാഴക്കുലയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം നേടിയ പായിപ്പാട് സ്വദേശി ധനേഷ് എസ്. നായർ പിടിയിൽ. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നത് നൈജീരിയക്കാരിൽ നിന്നെന്നാണ് മൊഴി.
കിലോ കണക്കിന് എംഡിഎംഎ ശേഖരിച്ചാണ് ഇയാൾ ചില്ലറ വിൽപ്പന നടത്തിയിരുന്നത്. ധനേഷിനെ പിടികൂടിയതോടെ ഈ നെറ്റ്വർക്കിലെ പലരും ഒളിവിൽ പോയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.
വാഴക്കുലയിൽ അതിവിദഗ്ദ്ധമായി പൊതിഞ്ഞ് അതീവ രഹസ്യമായിട്ടാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നത്. ഇതിനായി കർണാടകയിൽ ആറ് ഏക്കർ വാഴത്തോട്ടം തന്നെ ധനേഷ് സ്വന്തമാക്കിയിരുന്നു. മൂന്ന് വർഷമായി ഈ രീതിയിൽ മയക്കുമരുന്ന് കടത്താൻ തുടങ്ങിയിട്ടെങ്കിലും ഒരിക്കൽ പോലും പിടിയിലായിരുന്നില്ല. 2023 മുതലാണ് ധനേഷ് ലഹരിക്കടത്ത് ആരംഭിക്കുന്നത്.
സ്വന്തമായും അല്ലാതെയും ഇയാൾ എംഡിഎംഎ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. ലഹരിമരുന്ന് നാട്ടിലേക്ക് കടത്താൻ ആളുകളെ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ശൈലി. കഴിഞ്ഞദിവസം 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായതോടെയാണ് അന്വേഷണം ധനേഷിലേക്ക് നീണ്ടത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയാണ് ധനേഷ് എന്ന് പോലീസ് തിരിച്ചറിഞ്ഞു.
ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
അതേസമയം സംഭവത്തിൽ കർശന നടപടിയുമായി കൃഷി വകുപ്പ് രംഗത്തെത്തി. പ്രതിയുടെ പശ്ചാത്തലം ഉൾപ്പെടെ വിശദമായി പരിശോധിക്കാൻ കൃഷി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും, റിപ്പോർട്ട് ലഭിച്ചശേഷം അവാർഡ് തിരിച്ചെടുക്കുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു. 2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം നേടിയ ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായർ (31) ആണ് കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ച് പോലീസിന്റെ പിടിയിലായത്. ലഹരിക്കടത്തുകാർക്കിടയിൽ 'ഡാനി ഭായ്' എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
ജർമനിയിൽ നിന്ന് അഗ്രിബിസിനസിൽ ബിരുദം നേടിയ ഇയാൾ കൃഷിയുടെ മറവിലാണ് വൻതോതിൽ ലഹരിക്കടത്ത് നടത്തിയിരുന്നത്. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും അന്വേഷണസംഘം പിടിച്ചെടുത്തു. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മൈസൂരിനടുത്ത് നഞ്ചൻഗുഡുവിൽ സ്വന്തമായി വാഴത്തോട്ടവും കൃഷിയിടങ്ങളുമുള്ള ധനേഷ് ഇതിന്റെ മറവിലാണ് വൻതോതിലുള്ള ലഹരിക്കടത്ത് നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
്ു്ിു

