ആർ. രാജശ്രീക്ക് വയലാർ അവാർഡ്; അംഗീകാരം 'ആത്രേയകം' നോവലിന്
ഷീബ വിജയൻ
തിരുവനന്തപുരം: അരനൂറ്റാണ്ട് പിന്നിടുന്ന വയലാർ രാമവർമ്മ സാഹിത്യ അവാർഡിന് പ്രമുഖ എഴുത്തുകാരി ആർ. രാജശ്രീ അർഹയായി. 'ആത്രേയകം' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും.
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിനിയായ ആർ. രാജശ്രീ നിലവിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് മലയാളം വിഭാഗത്തിൽ അധ്യാപികയാണ്. 'കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ' എന്ന നോവലിലൂടെയാണ് അവർ സാഹിത്യരംഗത്ത് പ്രശസ്തയായത്. ഈ കൃതിക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 'നായികാ നിർമിതി', 'വഴിയും പൊരുളും', 'അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും', 'കൃഷ്ണനുവേണ്ടിയുണ്ടായ പെണ്ണുങ്ങൾ' എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.
dgdgfg

