കുടുംബപ്രശ്‌നങ്ങളിൽ പാർട്ടിക്ക് സമ്മർദ്ദമില്ല; സ്വയം നേരിടും: ഒളിയമ്പുമായി വിനോദിനി ബാലകൃഷ്ണനും ബിനീഷും


ഷീബ വിജയൻ

കണ്ണൂർ: തങ്ങളുടെ കുടുംബത്തിന് നേരെ ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തിലും പാർട്ടിയെ സമ്മർദ്ദത്തിലാക്കാതെ സ്വയം നേരിടുമെന്ന് സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. എന്തുവന്നാലും പാർട്ടിയുടെ സഹായം തങ്ങൾ ചോദിക്കില്ലെന്നും പാർട്ടിയെ സ്നേഹിക്കാൻ മെമ്പർഷിപ്പ് പോലും വേണമെന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ചരമവാർഷിക ദിനത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരായ മാസപ്പടി കേസ് എൽ.ഡി.എഫിനെ ലക്ഷ്യംവെച്ചുള്ളതാണെന്ന പാർട്ടി പ്രസ്താവനകൾ നിലനിൽക്കെയാണ് വിനോദിനിയുടെ ഈ പ്രതികരണം.

ഓർമ്മ ദിനത്തിൽ വന്നിരിക്കുന്നത് കോടിയേരിയോടും തങ്ങളോടും സ്നേഹമുള്ള അണികളാണെന്ന് വിനോദിനി ഓർമ്മിപ്പിച്ചു. കുടുംബത്തിന് എന്ത് പ്രശ്നമുണ്ടായാലും തങ്ങൾ തന്നെയാണ് ഇതുവരെ നേരിട്ടത്. ഇനി കുട്ടികൾക്കെതിരെ ഉണ്ടാകുന്ന കേസുകളും അവർ തന്നെ നേരിടും. അതിന് പാർട്ടിയുടെ സഹായം ചോദിച്ച് പാർട്ടിയെ സമ്മർദ്ദത്തിലാക്കില്ല. പ്രസ്ഥാനത്തിനൊപ്പം അവസാന നിമിഷം വരെ ഉണ്ടാകുമെന്നും വിനോദിനി വ്യക്തമാക്കി.

കേസുകൾ വരുമ്പോൾ കവചമാകേണ്ടത് പാർട്ടിയല്ലെന്ന് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. കേസ് ഏതായാലും സ്വയം നേരിടണമെന്നാണ് അച്ഛൻ തന്നോട് ശഠിച്ചതെന്ന് ബിനീഷ് ഓർമ്മിപ്പിച്ചു. ജയിലിൽ കിടക്കുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ പങ്കുവെച്ച ബിനീഷ്, നിരപരാധിയാണെങ്കിൽ സ്വയം തെളിയിക്കണമെന്നും പാർട്ടി ആയുധമാക്കാൻ അനുവദിക്കരുതെന്നും അച്ഛൻ ഉപദേശിച്ചിരുന്നതായി കുറിച്ചു. പല കേസുകൾ വന്നപ്പോഴും ഒരിക്കൽ പോലും പാർട്ടിയെ കവചമാക്കാൻ നിൽക്കാതെ ചിരിച്ചുകൊണ്ട് നേരിട്ട നേതാവായിരുന്നു കോടിയേരിയെന്നും ബിനീഷ് കൂട്ടിച്ചേർത്തു.

article-image

ddsdsdd

You might also like

  • Lulu Exchange
  • Straight Forward

Most Viewed