പൊതുഗതാഗതം ശക്തിപ്പെടുത്താൻ നിർണ്ണായക നീക്കം: കെഎസ്ആർടിസി ആയിരം സ്വകാര്യ ബസുകൾ വെറ്റ് ലീസിലെടുക്കുന്നു


ശാരിക

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം നവീകരിച്ച് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി വെറ്റ് ലീസ് വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ ഏറ്റെടുത്ത് സർവീസ് നടത്താൻ തത്വത്തിൽ ധാരണയായി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആയിരം ബസുകളാണ് നിരത്തിലിറക്കുക. തുടക്കത്തിൽ തെക്കൻ ജില്ലകളിലും ദീർഘദൂര റൂട്ടുകളിലുമായിരിക്കും ഈ സർവീസുകൾ ലഭ്യമാക്കുക.

നിലവിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി (LSO) സ്വകാര്യ ബസുകൾ ഏറ്റെടുത്ത് കെഎസ്ആർടിസി അവയെ ഫാസ്റ്റ് പാസഞ്ചറുകളായി (FP) ഉയർത്തിയായിരിക്കും ഓടിക്കുക. ഇതിന് പുറമേ, യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി എയർ സസ്പെൻഷൻ സൗകര്യങ്ങളുള്ള പുതിയ സൂപ്പർഫാസ്റ്റ്, എസി സൂപ്പർഫാസ്റ്റ് ബസുകളും ഉടൻ സർവീസിനിറക്കും. ഇത് ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.

കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും ബസുകൾക്ക് വാടക നിശ്ചയിക്കുക. കിലോമീറ്ററിന് 55 രൂപ ഉടമകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും 50 രൂപ വരെ നൽകാനാണ് ഗതാഗത വകുപ്പിന്റെ താല്പര്യം. വാടകത്തുക ആഴ്ച തോറും നൽകണമെന്ന ബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. വെറ്റ് ലീസ് വ്യവസ്ഥ പ്രകാരം ഇന്ധനം, അറ്റകുറ്റപ്പണികൾ, ഡ്രൈവർ എന്നിവരുടെ പൂർണ്ണ ചുമതല ഉടമകൾക്കായിരിക്കും. ടിക്കറ്റ് വിതരണം കെഎസ്ആർടിസി കണ്ടക്ടർമാർ നിർവ്വഹിക്കും. വാടക നിരക്കിലെ അന്തിമതീരുമാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. റോഡുകളിലെ മത്സരയോട്ടവും അപകടങ്ങളും കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

article-image

sdtt

You might also like

  • Lulu Exchange
  • Straight Forward

Most Viewed