കൊച്ചിയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ കവർച്ച; സ്ത്രീകളെ വിവസ്ത്രരാക്കി, ലക്ഷങ്ങൾ കവർന്നു
ഷീബ വിജയൻ
കൊച്ചി: കൊച്ചി പാലാരിവട്ടത്ത് അതിക്രമിച്ചുകയറിയ കവർച്ചാസംഘം ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി പണവും സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നു. പാലാരിവട്ടം സംസ്‌കാര ജങ്ഷനു സമീപമുള്ള വാടകവീട്ടിൽ താമസിക്കുന്ന ബംഗാൾ, അസം സ്വദേശികളാണ് പുലർച്ചെയുണ്ടായ മോഷണത്തിന് ഇരയായത്. ആക്രമണത്തിൽ പണവും സ്വവർണ്ണവുമടക്കം 6.05 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പോലീസ് അറിയിച്ചു.
മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങുന്ന ഏഴംഗ സംഘമാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്നത്. ഇവർ നഗരത്തിലെ വിവിധ ഹോട്ടലുകളിലെ ജീവനക്കാരാണ്. പുലർച്ചെ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ഇവരെ ഉപദ്രവിക്കുകയായിരുന്നു. തൊഴിലാളികളുടെ പക്കൽ നിന്ന് 1.20 ലക്ഷം രൂപ, 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, എടിഎം, ഐഡി കാർഡുകൾ എന്നിവ കവർന്നു. കൂടാതെ, ഒരാളെ ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി 12,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
ആഭരണങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനാണ് പ്രതികൾ സ്ത്രീകളുടെ വസ്ത്രങ്ങൾ അഴിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 1.20 ലക്ഷം രൂപയുടെ സ്വർണ്ണമാലയും 60,000 രൂപയുടെ കമ്മലും സംഘം കവർന്നു. അർമാൻ അലി, രാജ ബാബു, ഇന്ദേജർ, ഫിസ്ദുൾ ഹഖ് എന്നിവരും കവർച്ചയ്ക്ക് ഇരയായി. ഫിസ്ദുൾ ഹഖിന്റെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചംഗ സംഘത്തിൽ രണ്ടുപേരൊഴികെ മറ്റുള്ളവർ മലയാളികളാണെന്നാണ് സൂചന.
sdfsd

