മുതിർന്ന സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു
ഷീബ വിജയൻ
തൃശൂർ: മുതിർന്ന സിപിഐ എം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ബേബി ജോൺ (74) അന്തരിച്ചു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നു.
1952-ൽ മണലൂർ തൈക്കാട് ജനിച്ച അദ്ദേഹം 1969 മുതൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം 1984 മുതൽ 1997 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു.
1986-ൽ സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗമായും 1997-ൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2006 ജൂലൈയിലാണ് തൃശൂർ ജില്ലാ സെക്രട്ടറിയാകുന്നത്.
സിഐടിയു ജില്ലാ സെക്രട്ടറി, കെഎസ്എഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റ്, ബീഡി തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും, കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ നേതൃനിരയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
assssas

