സത്യപ്രതിജ്ഞയ്ക്ക് അവസരമൊരുക്കണം; കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ ആർ. സുഗതൻ ഹൈക്കോടതിയിൽ
ശാരിക l കേരളം
കൊച്ചി: കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി ജയിലിൽ നിന്ന് വിട്ടയക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ടെന്നും, എന്നാൽ കാപ്പ ചുമത്തി ജയിലിലടച്ചതു കാരണം തനിക്ക് അതിന് സാധിക്കുന്നില്ലെന്നും സുഗതൻ കോടതിയെ ബോധിപ്പിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് സർക്കാർ തങ്ങളെ മനഃപൂർവ്വം തടയുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
വിഷയത്തിൽ വരും തിങ്കളാഴ്ചയ്ക്കകം കൃത്യമായ നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ നിയമപരമായി സാധിക്കുമോ എന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും പ്രൊസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു. ഈ വിഷയം പരിഗണിക്കേണ്ടത് മജിസ്‌ട്രേറ്റ് കോടതിയല്ല, മറിച്ച് ഹൈക്കോടതിയാണെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ഔദ്യോഗികമായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ള 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ കാപ്പ ചുമത്തി ജയിലിലായതിനെ തുടർന്ന് സുഗതന് മറ്റ് കൗൺസിലർമാർക്കൊപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആറുമാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരിവെച്ചതോടെ സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോടതിയുടെ പ്രത്യേക അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ സുഗതൻ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. ഇത് കോർപ്പറേഷൻ ഭരണത്തിലുള്ള ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകും.
േ്ിേി

