ചോദ്യമുനയിൽ ടി. വീണ; ഇഡിയുടെ ചോദ്യം ചെയ്യൽ അഞ്ചാം മണിക്കൂറിലേക്ക്
ഷീബ വിജയൻ
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ 10.30 ഓടെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ വീണയുടെ ചോദ്യം ചെയ്യൽ ഇപ്പോൾ അഞ്ച് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ ഇഡി ഓഫീസിന് മുന്നിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 12-ാം തീയതി ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം വീണ എത്തിയിരുന്നില്ല. തുടർന്നാണ് ഈ മാസം 17-ന് ഹാജരാകാൻ നിർദ്ദേശിച്ച് ഇഡി വീണ്ടും സമൻസ് അയച്ചത്.
ലഭ്യമാക്കാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎൽ കമ്പനി എക്സാലോജിക്കിന് 2.78 കോടി രൂപ നൽകിയതിന്റെ പശ്ചാത്തലവും ഉദ്ദേശവുമാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ മേയ് 27-ന് നടത്തിയ റെയ്ഡിൽ വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ ഫോണും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട്, എസ്എഫ്‌ഐഒ അന്വേഷണ റിപ്പോർട്ട് എന്നിവ മുൻനിർത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത, ഭാര്യ ജയ എസ്. കർത്ത, മകൾ ഷിബി എസ്. കർത്ത എന്നിവരെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
dsdsdssda

