പിഎം ശ്രീ പദ്ധതി: പഠനത്തിനായി നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു
ഷീബ വിജയൻ
സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വിശദമായി പഠിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനാണ് ഈ സമിതിയുടെ അധ്യക്ഷൻ. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, മന്ത്രിമാരായ പി. സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഉപസമിതി രൂപീകരിച്ച വിവരം സംസ്ഥാന സർക്കാർ കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും. പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാനും, പദ്ധതിയിൽ നിന്ന് പിന്മാറിയാൽ ഉണ്ടാകാവുന്ന നിയമവശങ്ങൾ ഉൾപ്പെടെ പരിശോധിക്കാനുമാണ് ഉപസമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.
സമിതി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോകണമോ എന്നതിലടക്കം മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കുക. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്നും കേന്ദ്ര സർക്കാരിന്റെ നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും പിഎം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.

