മെസിക്ക് ഹാട്രിക്; അൾജീരിയയെ തകർത്ത് അർജന്‍റീന
ഷീബ വിജയൻ
കാൽപ്പന്ത് കളിയുടെ എല്ലാ സൗന്ദര്യവും ഇടംകാലിൽ ആവാഹിച്ച മൂന്നു ഗോളുകളുമായി ലയണൽ മെസി വീണ്ടും മൈതാനത്ത് വിസ്മയം തീർത്തു. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അള്‍ജീരിയക്കെതിരേ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് അർജന്‍റീന വിജയം കൈവരിച്ചത്. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് സൂപ്പർ താരം ലയണൽ മെസിയുടെ കാലുകളിൽ നിന്നായിരുന്നു. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് കൂടിയാണിത്.
അർജന്‍റീന ജേഴ്സിയിൽ തന്‍റെ 200-ാം അന്താരാഷ്ട്ര മത്സരത്തിലാണ് മെസി ഈ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചത്. ഇതോടെ ലോകകപ്പിൽ ആകെ 16 ഗോളുകളുമായി ജർമൻ താരം മിറോസ്‌ലാവ് ക്ലോസെക്കൊപ്പമെത്താൻ മെസിക്ക് സാധിച്ചു. കൂടാതെ, ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന അപൂർവ റിക്കാർഡും ഇനി മെസിക്ക് സ്വന്തം. മത്സരത്തിന്റെ ആറാം മിനിറ്റിൽ മെസി അൾജീരിയൻ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി. തൊട്ടുപിന്നാലെ ഒൻപതാം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ അൾജീരിയയുടെ ഫാരെസ് ചൈബി ഗോൾ നേടിയെങ്കിലും റഫറി വീണ്ടും ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.
തുടർന്ന് 17-ാം മിനിറ്റിലാണ് ആരാധകർ കാത്തിരുന്ന ആ മെസി മാജിക്കിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. റോഡ്രിഗോ ഡി പോളിന്‍റെ പാസ് സ്വീകരിച്ച് അൽജീരിയൻ പ്രതിരോധത്തെ വെട്ടിച്ച് മുന്നേറിയ മെസി, ബോക്സിനു പുറത്തുനിന്ന് തൊടുത്ത അതിമനോഹരമായൊരു ലോംഗ് റേഞ്ചറിലൂടെ അർജന്റീനയെ മുന്നിലെത്തിച്ചു. അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാനെ നിഷ്പ്രഭനാക്കിയായിരുന്നു ആ ഗോൾ വലയിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും അർജന്‍റീന ലീഡ് വർധിപ്പിച്ചു. അറുപതാം മിനിറ്റിൽ അൾജീരിയൻ പ്രതിരോധത്തിന്‍റെ പിഴവുകൾ മുതലെടുത്ത് മെസി ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് വലയിലെത്തിയതോടെ അർജന്‍റീന വിജയം ഉറപ്പിച്ചു. തൊട്ടുപിന്നാലെ 76-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ഗ്രൗണ്ടറിലൂടെ മെസി വീണ്ടും ഗോൾ വല കുലുക്കിയതോടെ അർജന്റീനയ്ക്ക് ആവേശകരമായ വിജയവും മെസിക്ക് മനോഹരമായൊരു ഹാട്രിക്കും സ്വന്തമായി.
dfsasdsd

