തിരഞ്ഞെടുപ്പ് പരാജയം: താഴേത്തട്ടിൽ പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് എം.വി. ഗോവിന്ദൻ
ഷീബ വിജയൻ
തൃശ്ശൂർ: സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ചെറിയ ഭൂരിപക്ഷത്തിൽ മൂന്നാം ടേം ലഭിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വൻ പരാജയമുണ്ടാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനോ കമ്മിറ്റിക്കോ സാധിച്ചില്ലെന്ന് ഇ.എം.എസ് സ്മൃതി സമാപന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. താഴേത്തട്ടിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 74 മുതൽ 80 സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രതീക്ഷ. സർക്കാരിന് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ലെന്ന മിഥ്യാബോധം ജനങ്ങൾക്കിടയിൽ ഉണ്ടായെന്നും പാർട്ടിയുടെ പരിമിതികൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സ്വയംവിമർശനം നടത്തി. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്ന സ്വീകാര്യത തകർക്കാൻ മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ചേർന്ന് പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. നേതൃമാറ്റം ഉണ്ടാകുമെന്നത് വെറും പ്രചാരണമാണെന്നും നിലവിൽ പാർട്ടി പുനഃസംഘടനയ്ക്കുള്ള യാതൊരു അജണ്ടയുമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിശ്വാസികളെ പൂർണ്ണമായി തള്ളി വർഗ്ഗീയതയെ പ്രതിരോധിക്കാൻ കഴിയില്ലെന്നും വിശ്വാസികൾ വർഗ്ഗീയവാദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി. രവീന്ദ്രനാഥ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ. വാസു, അനൂപ് ഡേവിസ് കാട തുടങ്ങിയവർ സംസാരിച്ചു.
asadssaasaqsw

