ഒന്നര വയസുകാരന്റെ കൊലപാതകം: മർദനം അമ്മയുടെ മൗനസമ്മതത്തോടെയെന്ന് അഷ്കർ; കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ!


ഷീബ വിജയൻ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള പ്രതികളായ അഷ്കറിനെയും കുഞ്ഞിന്റെ അമ്മ അഖിലയെയും പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. കുട്ടിയെ മർദിച്ചിരുന്നത് അമ്മയുടെ മൗനസമ്മതത്തോടെയാണെന്നാണ് അഷ്കർ പോലീസിന് നൽകിയ മൊഴി. ക്രൂരമായ മർദനത്തെ തുടർന്ന് കൈയൊടിഞ്ഞ കുഞ്ഞിനെ ഇരുവരും ചേർന്ന് ആശുപത്രിയിലെത്തിച്ചത് 12 ദിവസങ്ങൾക്ക് ശേഷമാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുമെങ്കിലും ഇന്ന് തെളിവെടുപ്പ് ഉണ്ടായിരിക്കില്ല. നെടുമങ്ങാട് ഡി.വൈ.എസ്.പി ബൈജു കുമാറിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

കുഞ്ഞ് നേരിട്ട അതിക്രൂരമായ പീഡനങ്ങളുടെ വിവരങ്ങളാണ് ഡോക്ടർമാരുടെ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തലയിലേറ്റ ശക്തമായ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസ്സമായിരുന്നതിനാലാണ് കുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതെന്ന് അഷ്കർ സമ്മതിച്ചിട്ടുണ്ട്. കുഞ്ഞ് ആഹാരം കഴിക്കാത്തതിന്റെ പേരിൽ അഷ്കർ നിരന്തരം തല്ലാറുണ്ടായിരുന്നുവെന്നും അഷ്കറും അഖിലയും ചേർന്ന് കുഞ്ഞിനെ ഉപദ്രവിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അഷ്കറിന്റെ മാതാവ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയും ഇയാളുടെ ക്രൂരതകൾ തുറന്നുപറഞ്ഞ് രംഗത്തെത്തി. വിവാഹം കഴിഞ്ഞ നാൾ മുതൽ തല ഭിത്തിയിലിടിച്ചും അടിവയറ്റിൽ ചവിട്ടിയും അഷ്കർ തന്നെ ശാരീരികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ആമിന പറഞ്ഞു. പ്രണയം നടിച്ച് മകളെ തട്ടിക്കൊണ്ടുപോയ ശേഷം സ്വത്ത് സ്വന്തമാക്കാൻ വേണ്ടിയാണ് അഷ്കർ ക്രൂരമായി പീഡിപ്പിച്ചതെന്ന് ആമിനയുടെ മാതാവും വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed