ചെന്നൈയിൽ മേയറും എം.എൽ.എയും തമ്മിൽ പ്രോട്ടോക്കോൾ തർക്കം രൂക്ഷം; വേദിയിൽ നിന്ന് ഇറങ്ങിപ്പോയി ടി.വി.കെ എം.എൽ.എ
ഷീബ വിജയൻ
ചെന്നൈ: തമിഴ്‌നാട്ടിൽ ഔദ്യോഗിക ചടങ്ങിനിടെ ഡി.എം.കെ മേയറും ടി.വി.കെ എം.എൽ.എയും തമ്മിലുണ്ടായ പ്രോട്ടോക്കോൾ തർക്കം പരസ്യമായ രാഷ്ട്രീയ പോരിലേക്ക് വഴിമാറുന്നു. പുളയന്തോപ്പിൽ കോർപറേഷന്റെ പുതിയ ക്ലാസ് റൂം കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചടങ്ങിൽ തമിഴക വെട്രി കഴകം (ടി.വി.കെ) എം.എ.ൽ.എയായ എം.ആർ. പല്ലവിയെ ചെന്നൈ മേയർ പ്രിയ (ഡി.എം.കെ) പൂർണ്ണമായും അവഗണിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്.
ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എം.എൽ.എ പല്ലവി കത്രിക എടുത്തപ്പോഴേക്കും മേയർ പ്രിയ മറ്റൊരു കത്രിക ഉപയോഗിച്ച് പെട്ടെന്ന് നാട മുറിക്കുകയായിരുന്നു. തുടർന്ന് നടന്ന നിലവിളക്ക് കൊളുത്തുന്ന ചടങ്ങിലും എം.എൽ.എയ്ക്ക് മെഴുകുതിരി നൽകാതെ മേയർ അവഗണന തുടർന്നു. വേദിയിൽ പരസ്യമായി അപമാനിക്കപ്പെട്ടതോടെ എം.എ.ൽ.എ പല്ലവി ചടങ്ങ് ബഹിഷ്‌കരിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സംഭവം വിവാദമായതോടെ എം.എൽ.എയ്ക്ക് പിന്തുണയുമായി നടൻ വിജയ്‌യുടെ ആരാധകരും ടി.വി.കെ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ രംഗത്തെത്തിയിട്ടുണ്ട്. വിജയ് സിനിമകളിലെ ഹീറോയിക് രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് എം.എൽ.എ പ്രതികരിച്ചതെന്ന് ആരാധകർ കുറിച്ചു. ഔദ്യോഗിക പരിപാടിക്ക് എത്തിയ ജനപ്രതിനിധിയെ മേയർ അപമാനിച്ചത് തെറ്റായ നടപടിയാണെന്നും അവർ ആരോപിച്ചു.
വിഷയത്തിൽ പ്രതികരണവുമായി എം.എൽ.എ പല്ലവിയും രംഗത്തെത്തിയിട്ടുണ്ട്. മേയറുടേത് അഹങ്കാരം നിറഞ്ഞ പെരുമാറ്റമായിരുന്നെന്നും എന്നാൽ തങ്ങളുടെ പാർട്ടി അധ്യക്ഷൻ വിജയ്‌യുടെ സമാധാനപരമായ ശൈലിയാണ് താൻ അവിടെ പിന്തുടർന്നതെന്നും അവർ വ്യക്തമാക്കി. തങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നിടത്ത് നിന്ന് ഇറങ്ങിപ്പോകുന്നതിൽ തെറ്റില്ലെന്നും, ചില സമയങ്ങളിൽ ക്ഷമിക്കുന്നത് കൊണ്ട് കുറച്ചിലൊന്നും വരില്ലെന്നും പറഞ്ഞ പല്ലവി, ഉദ്യോഗസ്ഥർ ഔദ്യോഗികമായി ക്ഷണിച്ചതുകൊണ്ടാണ് താൻ പരിപാടിക്ക് എത്തിയതെന്നും മേയറുടെ ഈ പെരുമാറ്റം അധികകാലം നീണ്ടുനിൽക്കില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഉയർന്നുവന്ന ആരോപണങ്ങൾ ചെന്നൈ മേയർ പ്രിയ നിഷേധിച്ചു. താൻ നിലവിലുള്ള പ്രോട്ടോക്കോൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് മേയറുടെ വിശദീകരണം. ചട്ടപ്രകാരം മേയർക്ക് ശേഷം ഐ.എ.എസ് ഉദ്യോഗസ്ഥരാണ് നിലവിളക്ക് കൊളുത്തേണ്ടതെന്നും, എം.എൽ.എയെ വ്യക്തിപരമായി അവഗണിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും മേയർ പ്രിയ വ്യക്തമാക്കി.
asasasadsadsads

