മാസപ്പടിയിൽ ഇഡി കുരുക്ക് മുറുകുന്നു: പിണറായിയെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന, പ്രതിരോധം കടുപ്പിക്കാൻ സിപിഎം
ഷീബ വിജയൻ
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയനെ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കർത്താ അന്വേഷണ ഏജൻസിക്ക് നൽകിയ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പിണറായി വിജയനിലേക്ക് നീളുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ പിണറായിലേക്ക് തന്നെ എത്തുന്നത്. പിണറായി വിജയന്റെ മകളായതുകൊണ്ടാണ് എക്സാലോജിക്കുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്ന ശശിധരൻ കർത്തയുടെ മൊഴിയാണ് ഇതിൽ നിർണായകമായത്. എന്നാൽ, തുടക്കം മുതൽ തന്നെ സിപിഎം ഈ വിഷയത്തിൽ വ്യക്തമായ പ്രതിരോധം തീർത്തിരുന്നു. ഈ കേസ് വെറുമൊരു സാമ്പത്തിക അന്വേഷണമല്ലെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാനുള്ള ബിജെപിയുടെയും ഇഡിയുടെയും സംയുക്ത നീക്കത്തിന്റെ ഭാഗമാണെന്നുമാണ് പാർട്ടിയുടെ നിലപാട്.
തനിക്കെതിരെ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പൂർണമായും മാധ്യമ സൃഷ്ടിയാണെന്നാണ് കഴിഞ്ഞദിവസം പിണറായി വിജയൻ പ്രതികരിച്ചത്. അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ശ്രമം പലരും കാലങ്ങളായി നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇഡിയുടെ പുതിയ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതികരണമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. കേന്ദ്ര ഭരണത്തിലുള്ള പ്രധാന നേതാക്കളെ ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ആയുധമാക്കുന്നു എന്ന വാദമാണ് സിപിഎം ഉയർത്തുന്നത്.
ഇഡി അന്വേഷണത്തിൽ ശശിധരൻ കർത്തയുടെ മൊഴിയിലൂടെ പിണറായി വിജയന്റെ പേര് പരസ്യമായി വന്നതിന് ശേഷമുള്ള ആദ്യത്തെ സെക്രട്ടേറിയറ്റ് യോഗമാണ് ഇന്ന് ചേരുന്നത്. നിലവിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇഡി ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടില്ലെങ്കിലും, അത്തരമൊരു സാഹചര്യമുണ്ടായാൽ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ സമയത്തുണ്ടായതിനേക്കാൾ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ ഇന്നത്തെ യോഗത്തിൽ ധാരണയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
fgfdf

