അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ
ഷീബ വിജയൻ
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലിലായിരുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതോടെ രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം വീട്ടിലെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് കുടുംബം. ജയിലിൽ നിന്ന് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി, തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തുന്ന ഔദ്യോഗിക നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് 2006 നവംബറിലാണ് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012-ൽ വധശിക്ഷ വിധിച്ചെങ്കിലും മലയാളികൾ ഒന്നടങ്കം കൈകോർത്ത് 34 കോടിയിലേറെ ഇന്ത്യൻ രൂപ (ഒന്നര കോടി സൗദി റിയാൽ) ദിയാധനമായി നൽകിയതോടെ വധശിക്ഷ ഒഴിവാക്കപ്പെട്ടു. മറ്റ് വകുപ്പുകളിലായി ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
seeweqw

