അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്ട് സീറോ'; പുതിയ പദ്ധതി പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല
ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തെ പരിപൂർണ്ണമായി അഴിമതിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് സീറോ' എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എവിടെ അഴിമതി കണ്ടാലും പൊതുജനങ്ങൾക്ക് അത് നേരിട്ട് അധികാരികളെ അറിയിക്കാനുള്ള പ്രത്യേക സംവിധാനം ഇതിലൂടെ ഒരുക്കുമെന്നും, ഒരുതരത്തിലുള്ള കൈമടക്കും കൊടുക്കാതെ സാധാരണക്കാർക്ക് സർക്കാർ ഓഫീസുകളിൽ നിന്നും സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അഴിമതിക്കെതിരെയുള്ള ഒരു വിപ്ലവമായിരിക്കും പ്രോജക്ട് സീറോ പദ്ധതി. അഴിമതിയെക്കുറിച്ച് വിവരം നൽകുന്ന പൊതുജനങ്ങളുടെ പേരോ മറ്റ് വിവരങ്ങളോ യാതൊരു കാരണവശാലും പുറത്തുവിടില്ല. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലൻസ് കൃത്യമായി നിരീക്ഷിക്കും. കൈമടക്ക് നൽകാതെ സർക്കാർ ഓഫീസുകളിൽ നിന്നും കാര്യങ്ങൾ പാവപ്പെട്ടവർക്ക് സമയബന്ധിതമായി ലഭിക്കണം. അഴിമതി പൂർണ്ണമായി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ സഹകരണം ഉണ്ടാകണം, അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാവും ഇനി അഴിമതി തടയുക. വിജിലൻസിന്റെ ട്രാപ്പ് കേസുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഇതിന്റെ ഭാഗമായി വിജിലൻസ് മാനുവൽ പരിഷ്കരിക്കുമെന്നും അതിനായുള്ള ഡ്രാഫ്റ്റ് പൂർത്തിയായിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
്േ്ിേ്ിേ്േി

