സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി; 30 മിനിറ്റ് വരെ പവർകട്ട് ഉണ്ടായേക്കാം
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന പേരിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. വൈദ്യുതി മുടങ്ങുന്ന വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് (SMS) വഴി മുൻകൂട്ടി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോഡ് ഷെഡിംഗിലൂടെ ഗ്രിഡിനെ സുരക്ഷിതമായി നിലനിർത്താനാണ് കെഎസ്ഇബിയുടെ ശ്രമം. പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് ഈ അടിയന്തര തീരുമാനമുണ്ടായത്. പവർ എക്സ്ചേഞ്ചിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലാണ്. ഈ മാസം 18-ന് പ്രതിദിന ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വൈകുന്നേരത്തെ അമിത ഉപഭോഗം കുറയ്ക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചു.
sddsgf



