രാജ്യദ്രോഹക്കുറ്റം: 69 പേരുടെ ബഹ്‌റൈൻ പൗരത്വം റദ്ദാക്കി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച 69 പേരുടെ പൗരത്വം ബഹ്‌റൈൻ റദ്ദാക്കി. ഇറാൻ നടത്തിയ ശത്രുതാപരമായ നടപടികളെ അനുകൂലിക്കുകയും വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെടുകയും ചെയ്തവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പൗരത്വം റദ്ദാക്കപ്പെട്ടവരിൽ ഇവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. പൗരത്വം നഷ്ടപ്പെട്ടവരെല്ലാം വിദേശ വംശജരാണെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർക്കും സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ നീക്കം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും വിശ്വസ്തത പുലർത്താത്തവർക്കും എതിരെ പൗരത്വ നിയമത്തിലെ സെക്ഷൻ 10/3 പ്രകാരം നടപടിയെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. പൗരത്വം ലഭിക്കാൻ അർഹതയുള്ളവർ ആരെല്ലാമെന്ന് കണ്ടെത്താൻ നിലവിൽ പ്രത്യേക പരിശോധനകൾ നടന്നു വരികയാണെന്നും വരും ദിവസങ്ങളിലും കൂടുതൽ നടപടികൾ ഉണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.
aa



