വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്: കർശന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ


ശാരിക l കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദേശം നൽകി. പേരാമ്പ്ര, പാലക്കാട്, നെന്മാറ എന്നിവിടങ്ങളിലെ സ്‌ട്രോങ് റൂമുകൾ തുറക്കാൻ നീക്കം നടക്കുന്നതായി വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് നടപടി. സീൽ ചെയ്യപ്പെടാത്ത മുറികൾ ഉൾപ്പെടെ വോട്ടെണ്ണൽ നടപടികൾ കഴിയുന്നത് വരെ തുറക്കരുതെന്നാണ് കമ്മീഷന്റെ ഉത്തരവ്.

പാലക്കാട് വിക്‌ടോറിയ കോളേജിലെ സ്‌ട്രോങ് റൂം തുറക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി ഉള്ളിൽ വെച്ച് മറന്നുപോയെന്ന ന്യായീകരണമാണ് ഉദ്യോഗസ്ഥർ നൽകിയത്. സമാനമായി കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ജെ.ഡി.ടി. സ്കൂളിലെ റിസർവ് റൂം തുറന്ന സംഭവത്തിലും വരണാധികാരിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നു. തെരഞ്ഞെടുപ്പ് രേഖകളുടെ പകർപ്പെടുക്കാൻ വരണാധികാരി മറന്നുപോയതാണ് മുറി തുറക്കാൻ കാരണമായതെന്നാണ് സൂചന. സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർ വിശദീകരണം തേടിയിട്ടുണ്ട്.

എന്നാൽ ഈ നീക്കങ്ങൾ വോട്ടെണ്ണൽ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് ആരോപിച്ചു. തുറന്ന മുറിയുടെ മുകളിൽ 'സ്‌ട്രോങ് റൂം' എന്ന് എഴുതിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ തന്നെ ഉള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ പരാതിപ്പെട്ടു. സുരക്ഷാ ചുമതല പൂർണമായും കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന് എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ആറ് യുഡിഎഫ് സ്ഥാനാർത്ഥികൾ ഇതുസംബന്ധിച്ച് കളക്ടർക്കും തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, വോട്ടിങ് യന്ത്രങ്ങളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി. പോളിങ് രേഖകൾ സൂക്ഷിച്ച മുദ്രവയ്ക്കാത്ത മുറിയാണ് എന്‍കോർ സോഫ്റ്റ്‌വേറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഒരു മുറിയും തുറക്കരുതെന്ന പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed