വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു; വിനോദയാത്ര ദുരന്തമായി
ഷീബ വിജയൻ I കേരളം
പൊള്ളാച്ചി: വാൽപ്പാറയിൽ വിനോദസഞ്ചാര സംഘം സഞ്ചരിച്ച മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്‌കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം, കോഴിക്കോട് സ്വദേശികളായ എട്ടുപേരുടെ ജീവനാണ് ഈ ദാരുണ സംഭവത്തിൽ പൊലിഞ്ഞത്. വാനിലുണ്ടായിരുന്ന ബാക്കി അഞ്ച് പേർക്ക് പരിക്കേറ്റു, ഇതിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
തൃശൂർ ഭാഗത്തുനിന്നും വാൽപ്പാറയിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഒൻപതാം ഹെർപിൻ വളവിന് സമീപം വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും സംരക്ഷണ ഭിത്തി തകർത്ത് 800 അടി താഴ്ചയുള്ള വനമേഖലയിലെ കൊക്കയിലേക്ക് മറിയുകയുമായിരുന്നു. പതിമൂന്നാം വളവിൽ നിന്നും നിയന്ത്രണം വിട്ട വാഹനം ഒൻപതാം വളവിലേക്കാണ് വീണതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നുപോയി.
തമിഴ്‌നാട് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. സ്കൂളിൽ നിന്നുള്ള വിനോദയാത്ര ഇത്ര വലിയൊരു ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് നാട്.
aa



