'ഷാഫി ഗുരുവല്ല, സഹോദരൻ മാത്രം; സൈബർ അറ്റാക്കിന് സേനയെ ഇറക്കിയിട്ടില്ല'; ഉണ്ണിത്താന്റെ ആരോപണങ്ങൾ തള്ളി രാഹുൽ
ഷീബ വിജയൻ
കോഴിക്കോട്: താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പിലുമായി ഗുരു-ശിഷ്യ ബന്ധമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. തന്നെയും ഷാഫിയെയും ചേർത്ത് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ സൈബർ ആക്രമണ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'വൺ-ടു-ത്രീ അറ്റാക്ക്' എന്ന പേരിൽ സൈബർ സേന വിന്യസിച്ചിട്ടില്ലെന്നും സ്വന്തം പ്രൊഫൈലിലൂടെ അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംശയമുണ്ടെങ്കിൽ പരാതിയുമായി മുന്നോട്ടുപോകാമെന്നും കൃത്യമായ അന്വേഷണത്തിലൂടെ പങ്കുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാമെന്നും രാഹുൽ പറഞ്ഞു.
ഷാഫിയുമായി സഹോദരസ്നേഹമാണുള്ളത്. കൂടെയുള്ള ഒരാൾക്ക് പ്രതിസന്ധി വരുമ്പോൾ അത് ചെയ്തതോ പ്രതിരോധിച്ചതോ താനായിരിക്കുമെന്ന് കരുതുന്നതിനെ പോസിറ്റീവ് വശമായി കാണുന്നുവെങ്കിലും അത്തരം ആക്രമണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിനെ കാണാൻ പോയപ്പോൾ തനിക്കെതിരെയും രൂക്ഷ വിമർശനങ്ങളുണ്ടായിട്ടുണ്ടെന്നും അന്ന് എടുത്ത നിലപാട് പിഴച്ചെന്ന് സ്വയം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കെതിരെയും അധിക്ഷേപങ്ങളുണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ ആരുടെയെങ്കിലും ക്വട്ടേഷനോ കുത്തകയോ ആക്കാൻ കഴിയുന്ന ഇടമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
adsdsadsdsa


