നിയമസഭയിൽ ഉറങ്ങിയെന്ന ട്രോൾ വീഡിയോ: വിശദീകരണവുമായി സികെ ഹരീന്ദ്രൻ എംഎൽഎ


ഷീബ വിജയൻ

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ ഉറങ്ങിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാറശാല എംഎഎ സി കെ. ഹരീന്ദ്രൻ. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലം ചികിത്സയിലായിരുന്നെന്നും ബജറ്റ് ചർച്ചയുടെ പ്രാധാന്യവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും കണക്കിലെടുത്താണ് പൂർണ്ണമായി സുഖം പ്രാപിക്കുന്നതിന് മുൻപ് സഭയിലെത്തിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണത്തെ മനുഷ്യത്വപരമായി കാണുന്നതിന് പകരം, പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും എംഎൽഎ കുറിച്ചു.

കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയുള്ള ഏതാനും സെക്കൻഡുകൾ മാത്രം അടർത്തിയെടുത്തുള്ള ദൃശ്യങ്ങളാണ് ചിലർ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സയിലായിരുന്നു താനെന്ന് എംഎൽഎ വ്യക്തമാക്കി. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നെങ്കിലും സഭയിലെ ചർച്ചകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ആരോഗ്യം വകവയ്ക്കാതെ എത്തിയത്. ആ ദിവസവും സഭയിൽ സാന്നിധ്യം രേഖപ്പെടുത്തുക മാത്രമല്ല, ബജറ്റ് ചർച്ചയിൽ സജീവമായി പങ്കെടുത്ത് സംസാരിക്കുകയും പാറശാല നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിക്കൂറുകളോളം നീണ്ടുനിന്ന സഭാ നടപടികൾക്കിടയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചാണ് ചിലർ വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നത്. പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതൽ ജനങ്ങളോടുള്ള ഉത്തരവാദിത്വബോധമാണ് തന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നിട്ടുള്ളതെന്നും ജനപ്രതിനിധിയെന്ന നിലയിൽ ഏൽപ്പിക്കപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിൽ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ തടസ്സമാകരുതെന്ന നിലപാടാണ് താൻ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും സികെ. ഹരീന്ദ്രൻ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ചികിത്സയിലായിരുന്ന സാഹചര്യത്തിലും വിശ്രമം തുടരുന്നതിന് പകരം നിയമസഭയിലെത്തി ജനങ്ങളുടെ ശബ്ദമാകാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജീവിതത്തിൽ പ്രവർത്തിക്കുന്നവർ വിമർശനങ്ങൾക്ക് അതീതരല്ലെന്നും എന്നാൽ ആ വിമർശനങ്ങൾ വസ്തുതകളുടെയും രാഷ്ട്രീയ നിലപാടുകളുടെയും അടിസ്ഥാനത്തിലാകണമെന്നും എംഎൽഎ ഓർമ്മിപ്പിച്ചു. ഒരു മനുഷ്യന്റെ ആരോഗ്യപ്രശ്നങ്ങളെപ്പോലും രാഷ്ട്രീയ ആയുധമാക്കേണ്ടിവരുന്നത് നമ്മുടെ പൊതുസമൂഹം ഗൗരവമായി വിലയിരുത്തേണ്ട വിഷയം ആണ്. തന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും ആശങ്ക പങ്കുവെക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നന്ദി അറിയിച്ച എം.എൽഎ, ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം അതേ ആത്മാർത്ഥതയോടെയും പ്രതിബദ്ധതയോടെയും തുടർന്നും നിർവഹിക്കുമെന്നും വ്യക്തമാക്കി.

article-image

dsdsdsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed