ഗുരുവായൂരിൽ ഏകാദശി ആഘോഷം; വ്രതം നോറ്റ് ദര്‍ശനത്തിനെത്തി ആയിരങ്ങൾ
ഷീബ വിജയ൯
ഗുരുവായൂര്‍: ഏകാദശി പുണ്യം നേടാൻ വ്രത ശുദ്ധിയോടെ പതിനായിരങ്ങൾ ഗുരുവായൂരപ്പ സന്നിധിയിലേക്ക് ഒഴുകിയെത്തി. ഉപവസിച്ചും നാരായണ നാമം ചൊല്ലിയും ഗുരുവായൂരപ്പനെ ഭജിച്ച് പതിനായിരങ്ങൾ ദർശന പുണ്യം നേടി. പീലിത്തിരുമുടി ചർത്തി പൊന്നോടക്കുഴലുമായി തൂമന്ദഹാസത്തോടെ ആശ്രിതവത്സലനായ ഭഗവാൻ ഗുരുവായൂരപ്പൻ ഭക്തർക്ക് ദർശനപുണ്യമായി. ഇന്ന് ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് ക്ഷേത്രത്തിൽ നടന്നത്. രാവിലെ നടന്ന ശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ തിടമ്പേറ്റി. രാവിലെ പാർഥസാരഥി ക്ഷേത്രത്തിലേക്കു നടന്ന എഴുന്നള്ളിപ്പിന് കൊമ്പൻ ശ്രീധരൻ കോലമേറ്റി. പല്ലശന മുരളിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. രാത്രി വിളക്കെഴുന്നെള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്‍റെ സ്വർണക്കോലമേറ്റും. ദർശനത്തിനും പ്രസാദ ഊട്ടിനും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ അഞ്ചു മുതൽ വൈകിട്ട് അഞ്ചുവരെ വിഐപി ദർശനം അനുവദിച്ചില്ല. ഇത് സാധാരണ ഭക്തർക്ക് ഏറെ ഉപകാരമായി. ഏകാദശി വ്രതം എടുക്കുന്നവർക്കായി അന്നലക്ഷ്മി ഹാളിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഊട്ട് രാവിലെ ഒന്പതിന് ആരംഭിച്ചു. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളാണ് ഒരുക്കിയത്. 50,000ത്തോളം പേർ പ്രസാദഊട്ടിൽ പങ്കെടുത്തു. ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് രാത്രി 10ന് സമാപനമാകും. ദശമി ദിവസം പുലർച്ചെ തുറന്ന ക്ഷേത്രനട നാളെ രാവിലെ എട്ടിന് അടക്കും. വൈകിട്ട് നാലിനാണ് പിന്നീട് തുറക്കുക. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് പുറമെ എൻസിസി, സ്‌കൗട്ട് എന്നിവരും സേവനത്തിനുണ്ട്.
ASASADSADS
