4000 പേർക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യം? ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി
ഷീബ വിജയ൯
പത്തനംതിട്ട : ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടത. ദേവസ്വം ബോർഡ് പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും, തിക്കിത്തിരക്കി ആളുകളെ കയറിയിട്ട് എന്തുകാര്യമെന്നും കോടതി വിമർശിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ തിരക്ക് മനസിലാക്കി ആറ് മാസം മുൻപ് പണികൾ നടക്കണമായിരുന്നുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി പറഞ്ഞു. പരമാവധി ആളുകൾ ക്ഷേത്രത്തിൽ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്നും, 4000 പേർക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളതെന്നും കോടതി ചോദിച്ചു. പതിനെട്ടാം പടി മുതൽ സന്നിധാനം വരെ ഒരേസമയം എത്ര പേർക്ക് നിൽക്കാൻ കഴിയുമെന്നും കോടതി ആരാഞ്ഞു. ആളുകളെ സെക്ടറുകളായി തിരിച്ച് നിർത്തിയാൽ കുറച്ചുകൂടി നിയന്ത്രിക്കാൻ സാധിക്കില്ലേ എന്നും കോടതി നിർദേശിച്ചു. എല്ലാവരെയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസത്തെ വൻ തിരക്ക് പരിഗണിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ ഇന്ന് ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമായിട്ടുണ്ട്. സ്‌പോട് ബുക്കിംഗിനും ഇന്നുമുതൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതലായി എത്തുന്ന തീർഥാടകർക്ക് അടുത്തദിവസം ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തും. നിലവിൽ നിലയ്ക്കലിൽ വാഹനം തടഞ്ഞ് പരിശോധിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എൻഡിആർഎഫിന്റെ ആദ്യസംഘം പുലർച്ചയോടെ സന്നിധാനത്തെത്തി. ചെന്നൈയിൽനിന്ന് നാല്‍പതംഗങ്ങളുള്ള രണ്ടാം സംഘം രാത്രിയോടെ പമ്പയിൽ എത്തും. നിലവിൽ പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചിരിക്കുകയാണ്. നിലയ്ക്കലാണ് നിലവിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
dsadasas
