രാജ്യത്ത് ക്രൂസ് ടൂറിസത്തിന് തിരിച്ചടി; ആഡംബര കപ്പലുകളുടെ വരവ് കുറയുന്നു
ഷീബ വിജയൻ
മട്ടാഞ്ചേരി: ഇന്ത്യയിൽ ക്രൂസ് ടൂറിസത്തിന് തിരിച്ചടി. കൊച്ചിക്ക് പുറമെ രാജ്യത്തെ അഞ്ച് പ്രധാന തുറമുഖങ്ങളിൽ കപ്പലുകളുടെ വരവ് കുറഞ്ഞത് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നു. കോവിഡ് കാലത്ത് നേരിട്ട തിരിച്ചടിയുടെ ക്ഷീണം ഇതുവരെ ഇന്ത്യൻ തുറമുഖങ്ങൾക്ക് മറികടക്കാൻ കഴിഞ്ഞിട്ടില്ല. യുദ്ധങ്ങൾ വിതച്ച ഭീതി, യുറോപ്യൻ സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിൽ ആഡംബര വിനോദ കപ്പൽ സഞ്ചാര മേഖലക്ക് തിരിച്ചടിയായിരിക്കുന്നത്. 2025 നവംബർ മുതൽ 2026 മെയ് വരെയുള്ള നിലവിലെ ക്രൂസ് ടുറിസം സീസൺ രാജ്യത്തെ തുറമുഖങ്ങളുടെ പ്രതീക്ഷകളെ തളർത്തുകയാണ്. കപ്പലുകളുടെ വരവ് കുറയുന്നത് കൊച്ചി തുറമുഖത്തിന് കോടികളുടെ വരുമാന നഷ്ടമാണുണ്ടാക്കുന്നത്. കോവിഡ് കാലത്ത് കപ്പൽ വരവ് ഇല്ലാതായതോടെ ക്രൂസ് ടൂറിസം മേഖലയിൽമാത്രം പ്രതിവർഷം കൊച്ചി തുറമുഖത്തിന് 15 - 20 കോടിയാണ് വരുമാന നഷ്ടമുണ്ടായത്. പ്രതിവർഷം സീസണിൽ ശരാശരി 40 ഓളം ആഡംബര വിദേശ വിനോദ സഞ്ചാര കപ്പലുകളാണ് കൊച്ചി തുറമുഖത്ത് എത്താറുള്ളത്. ചെറുതും വലുതുമായ കപ്പലുകൾ തുറമുഖത്ത് എത്തിയാൽ വാർഫേജ് നിരക്കടക്കം 40-60 ലക്ഷം രൂപ വരെയാണ് തുറമുഖത്തിന് ലഭിക്കുക. കൂടാതെ ക്ലീയറിങ്ങ്, കുടി വെള്ളം, ഭക്ഷണം, ചികിത്സ, മാലിന്യ നീക്കം തുടങ്ങി പല ഇനങ്ങളിലും വരുമാനമുണ്ട്. 600 മുതൽ 2800 വരെ യാത്രക്കാരും ശരാശരി 1200 ഓളം കപ്പൽ ജീവനക്കാരുമാണ് കപ്പലുകളിലെത്തുക. ഒരു സീസണിൽ അരലക്ഷത്തിലെറെ ക്രൂയീസ് സഞ്ചാരികളെത്തും. ഒരു വിനോദസഞ്ചാരി ശരാശരി 800- 1000 ഡോളർ വരെ ചെലവഴിക്കുമെന്നാണ് കണക്ക്.
സീസണിലെ ആദ്യ കപ്പൽ 18ന്ക്രൂസ് സീസണ് തുടക്കം കുറിച്ച് കൊച്ചി തുറമുഖത്ത് നവംബർ 18ന് ആദ്യ ആഡംബര കപ്പൽ എത്തും. 2026 മെയ് വരെയുള്ള സീസണിൽ കൊച്ചിയിൽ 16 കപ്പലുകളാണ് ഇതുവരെ ചാർട്ട് ചെയ്തിട്ടുള്ളത്. ഒന്നര പതിറ്റാണ്ടിനിടെ ഇത്രയും കുറഞ്ഞ കപ്പലുകളെത്തുന്നത് ആദ്യമാണെണന്നാണ് ക്രൂസ് കപ്പൽ എജൻസികൾ പറയുന്നത്.
dsadasadsads
