കാർഷിക സർവകലാശാലയിലെ ഫീസ് വർധന; എസ്എഫ്ഐ മാർച്ചിൽ സംഘർഷം
ഷീബ വിജയൻ
തൃശൂർ I കാർഷിക സർവകലാശാലയിലെ ഫീസ് വർധനക്കെതിരെ മണ്ണുത്തി സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവർ പങ്കെടുത്ത മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറിച്ചിട്ട പ്രവർത്തകർ പോലീസിന്‍റെ ഷീൽഡ് കൈക്കലാക്കി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.എഐഎസ്എഫിനെയും എഐവൈഎഫിനെയും എസ്എഫ്ഐ പരിഹസിച്ചു. കാർഷിക സർവകലാശാലയിലേക്കുള്ള അവസാന മാർച്ചല്ല ഇതെന്ന് പി.എസ്. സഞ്ജീവ് പറഞ്ഞു.
ഞങ്ങളെ എവിടെയൊക്കെ കുഴിച്ചു മൂടാമെന്ന് കരുതുന്നവരോട്, ഞങ്ങൾ വിദ്യാർഥികൾക്ക് ഒപ്പമാണ്. എസ്എഫ്‌ഐയുടെ സമരം പ്രഹസനമല്ല. കെഎസ്‌യുവിനെയും എഐഎസ്എഫിനെയും കാണുമ്പോഴുള്ള പോലീസ് ആവേശം എസ്എഫ്‌ഐയോട് വേണ്ട. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിൽ ഫീസ് വർധിപ്പിച്ചത് നീതീകരിക്കാത്തതാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു. പ്രവർത്തകരെ നീക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഫീസ് വർധന പുനപരിശോധിക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു.
asdcdsdsf
