പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ, കൊടിയ വിഷവസ്തുക്കൾ, കീടനാശിനികൾ: കണ്ടെയ്‌നറുകളിലെ വിവരങ്ങള്‍ പുറത്ത്


ഷീബ വിജയൻ 

തിരുവനന്തപുരം: കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിലുള്ളത് അപകടകരമായ വസ്തുക്കളെന്ന് റിപ്പോർട്ട്. കപ്പലിലെ കണ്ടെയ്നറിലുള്ള വസ്തുക്കളുടെ പട്ടിക ഡയറക്ടര്‍ ജനറല്‍ ഷിപ്പിംഗ് പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിലെ വസ്തുക്കളുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. തീപിടിക്കുന്ന വസ്തുക്കളും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന രാസവസ്തുക്കളും കീടനാശിനികളുമാണ് കണ്ടെയ്‌നറുകളില്‍ ഉള്ളത്. ഇന്‍റർനാഷണൽ മാരിടൈം ഓർഗനൈസേഷന്‍റെ മാർഗരേഖ പ്രകാരം ക്ലാസ് 6.1ൽ വരുന്ന കീടനാശിനികളടക്കമുള്ള കൊടിയ വിഷവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ട്. 20 കണ്ടെയ്നറുകളിൽ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയാണ്. ഒരു കണ്ടെയ്നറിൽ 27,786 കിലോഗ്രാം ഈഥൈൽ ക്ലോറോഫോർമേറ്റ് എന്ന മറ്റൊരു കീടനാശിനിയുണ്ട്. ഡൈമീഥൈൽ സൾഫേറ്റ്, ഹെക്സാമെഥിലിൻ ഡൈസോ സയനേറ്റ് തുടങ്ങി മാരകമായ കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്നറുകളിലുണ്ട്.

പരിസ്ഥിതിക്കു ഭീഷണിയുയർത്തുന്ന ബെൻസോ ഫെനോൺ, ട്രൈക്ലോറോ ബെൻസീൻ, 167 പെട്ടി ലിഥിയം ബാറ്ററികൾ എന്നിവയുമുണ്ട്. കൂടാതെ, 40 കണ്ടെയ്നറുകളിൽ ക്ലാസ്-3 യിൽ വരുന്ന തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട്. എഥനോൾ, പെയിന്‍റ്, ടർപന്‍റൈൻ, പ്രിന്‍റിംഗ് ഇങ്ക്, വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ഈഥൈൽ മീഥൈൽ കീറ്റോൺ എന്നിവയുമുണ്ട്. 19 കണ്ടെയ്നറുകളിൽ ക്ലാസ് 4.1ൽ വരുന്ന തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട്. ഒരു കണ്ടെയ്നറിൽ ആൽക്കഹോൾ അടങ്ങിയ നൈട്രോ സെല്ലുലോസ്, 12 കണ്ടെയ്നറുകളിൽ നാഫ്തലീൻ, ഒരു കണ്ടെയ്നറിൽ തീപിടിക്കുന്ന ദ്രാവകമടങ്ങിയ ഖരവസ്തുക്കൾ, നാലു കണ്ടെയ്നറുകളിൽ പാരാ ഫോർമാൽഡിഹൈഡ് എന്നിവയുണ്ട്. മറ്റൊരു കണ്ടെയ്നറിൽ, പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കൾ ഉൾപ്പെടുന്ന ക്ലാസ് 4.2ൽ വരുന്ന വസ്തുക്കളുണ്ട്. വായുസമ്പർക്കമുണ്ടായാൽ തീപിടിക്കുന്ന 4,900 കിലോഗ്രാം രാസവസ്തുക്കളാണ് ഇവ.

അതേസമയം, കപ്പലില്‍ നിന്ന് ഇപ്പോഴും തീയും പുകയും പൊട്ടിത്തെറിയും തുടരുകയാണ്. നിയന്ത്രണവിധേയമല്ലെങ്കിലും കപ്പല്‍ ഇതുവരെ മുങ്ങിയിട്ടില്ല. കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പൽ 15 ഡിഗ്രിവരെ ചെരിഞ്ഞതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. സാഹചര്യം വിലയിരുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം ചേരും. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

article-image

dsfdsfdsfdsf

You might also like

Most Viewed