ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ആഞ്ചെലോ മാത്യൂസ്

ഷീബ വിജയൻ
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ മുൻ നായകൻ ആഞ്ചെലോ മാത്യൂസ്. ജൂണിൽ ഗാലെയിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് 37 കാരനായ താരം അറിയിച്ചു. യുവ പ്രതിഭകൾക്ക് വഴിയൊരുക്കുന്നതിനായി ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് മാറി നിൽക്കുമ്പോൾ, വൈറ്റ്-ബോൾ ക്രിക്കറ്റിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നന്ദിയുള്ള ഹൃദയത്തോടെയും മറക്കാനാവാത്ത ഓർമകളോടെയും ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റായ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാൻ തനിക്ക് സമയമായെന്ന് മാത്യൂസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. "ഈ ടെസ്റ്റ് ടീം കഴിവുള്ള ഒരു ടീമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഭാവിയിലെയും ഇപ്പോഴത്തെയും നിരവധി പ്രഗത്ഭർ കളിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിനായി തിളങ്ങാൻ ഒരു യുവതാരത്തിന് വഴിയൊരുക്കാൻ ഇപ്പോൾ ഏറ്റവും നല്ല സമയമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2009 ൽ അരങ്ങേറ്റം കുറിച്ച മാത്യൂസ് 118 ടെസ്റ്റുകളിൽ നിന്നായി 44.62 ശരാശരിയിൽ 8167 റൺസ് നേടിയിട്ടുണ്ട്. ശ്രീലങ്കൻ ടെസ്റ്റ് റൺവേട്ടക്കാരിൽ കുമാർ സംഗക്കാരയ്ക്കും മഹേള ജയവർധനെയ്ക്കും പിന്നിൽ മൂന്നാമതാണ് മാത്യൂസ്. ടെസ്റ്റ് കരിയറിൽ 16 സെഞ്ചുറികളും ഉൾപ്പെടുന്നു, 200 റൺസാണ് ഉയർന്ന സ്കോർ. 34 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2013 മുതൽ 2017 വരെ എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം ശ്രീലങ്കയെ നയിച്ചു.
DFSDFSDFSDFS