യുവഅഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവഅഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്‌ലിൻ ദാസിന് ജാമ്യം നിഷേധിച്ചു. ബെയ്‌ലിൻ ദാസിനെ റിമാന്‍ഡ് ചെയ്തു. പരാതിക്കാരി ശ്യാമിലി തന്നെ മർദിച്ചുവെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. പ്രതിക്ക് കുടുംബമുണ്ടെന്നും മൂന്ന് കുട്ടികളുണ്ടെന്നും സമൂഹത്തിൽ മാന്യതയുള്ള വ്യക്തിയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
എന്നാല്‍ പ്രതി നിയമപരിജ്ഞാനം ഉള്ളയാളാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാക്ഷികളെയും ഇരയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
അതിനിടെ കോടതിയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്ന് ശ്യാമിലി പ്രതികരിച്ചു. കൂടെ നിന്ന് സഹകരിച്ച എല്ലാവർക്കും നന്ദിയെന്ന് ശ്യാമിലി പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും പിന്തുണ നൽകി. പൊലീസിന്‍റെ അന്വേഷണം തൃപ്തികരമായിരുന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നും വിളിച്ച് പലരും പിന്തുണ നൽകി. മറ്റൊരാൾക്കും ഇനി ദുരനുഭവം ഉണ്ടാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‍ലിന്‍ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‍ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ബെയ്‍ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി.
sdfsf