ഗാസയിൽ വെടിനിർത്തലാവശ്യപ്പെട്ട് യൂറോപ്യൻ ശക്തികൾ

ഗാസയിൽ വെടിനിർത്തലാവശ്യപ്പെട്ട് യൂറോപ്യൻ ശക്തികൾ. അടിയന്തര വെടിനിർത്തൽ അത്യാവശ്യമാണെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറീൻ കൊളോണ പറഞ്ഞു. ബന്ദികളുടെ മോചനത്തിനും ഗാസയിലെ ജനങ്ങൾക്കു സഹായമെത്തിക്കാനും വെടിനിർത്തൽ സഹായിക്കും. പലസ്തീൻ പ്രശ്നത്തിനുള്ള രാഷ്‌ട്രീയ പരിഹാരത്തിന്‍റെ തുടക്കവും ഇതോടൊപ്പം ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോൺ, ജർമൻ വിദേശകാര്യമന്ത്രി അന്നലേന ബെയർബോക്ക് എന്നിവർ സംയുക്തമായി എഴുതിയ പത്രലേഖനത്തിലും വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ടു. ദീർഘകാലത്തേക്കു സമാധാനം പുലരാനുള്ള നടപടികൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗാസയിൽ വെടിനിർത്തലിനു തയാറല്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ചു. ബന്ദികളുടെ മോചനത്തിനു ഹമാസിനുമേൽ സമ്മർദം വർധിപ്പിക്കാൻ സൈനിക നടപടി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചുവെന്ന സൂചനയും നെതന്യാഹു നല്കി. ബന്ദികളുടെ മോചനത്തിനു സർക്കാർ നടപടി ആവശ്യപ്പെട്ട് ഇസ്രേലി ജനത ശനിയാഴ്ച രാത്രിയും ടെൽ അവീവ് നഗരത്തിൽ പ്രകടനം നടത്തി. ഗാസയിൽ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേലിനോടു ഫ്രാൻസ് വിശദീകരണം തേടി. ബുധനാഴ്ച റാഫായിൽ നടന്ന ബോംബാക്രമണത്തിലാണ് മരണം സംഭവിച്ചത്. കാമറാമാൻ സമീർ അബുദാഖ്വാ ഇസ്രേലി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന് അൽജസീറ ചാനൽ അറിയിച്ചു. വെള്ളിയാഴ്ച ഖാൻ യൂനിസിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
asdads