സുഡാനിലെ വെസ്റ്റ് ഡാർഫറിൽ 87 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി

സുഡാനിലെ വെസ്റ്റ് ഡാർഫറിൽ 87 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. യുഎൻ ആണ് ഇക്കാര്യം അറിയിച്ചത്. ജെനെയ്ന നഗരത്തിനു സമീപമാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഇതിൽ ചില മൃതദേഹങ്ങൾ ഗോത്രവർഗമായ മസാലിറ്റ് വിഭാഗക്കാരുടേതാണ്. ജൂൺ 20ന് 37 മൃതദേഹങ്ങളാണു സംസ്കരിച്ചത്. തൊട്ടടുത്ത ദിവസം 50 മൃതദേഹങ്ങൾ സംസ്കരിച്ചു. ഏഴു സ്ത്രീകളുടെയും ഏഴു കുട്ടികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഏപ്രിൽ 15നാണ് സുഡാനിൽ സൈന്യവും പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസും(ആർഎസ്എഫ്) തമ്മിൽ സംഘർഷം ആരംഭിച്ചത്.
ദാർഫറിലാണ് ഏറ്റവും രൂക്ഷമായ പോരാട്ടം അരങ്ങേറിയത്. ആർഎസ്എഫും അറബ് സേനകളും പടിഞ്ഞാറൻ മേഖലയിൽ ഗോത്രവർഗക്കാർക്കു നേരേ ആക്രമണം രൂക്ഷമാക്കിയതിനെത്തുടർന്ന് ആയിരക്കണക്കിനു പേർ പലായനം ചെയ്തു. ഡാർഫറിൽനിന്ന് അയൽരാജ്യമായ ചാഡിലേക്ക് 2,38,000 പേർ പലായനം ചെയ്തു. വെസ്റ്റ് ഡാർഫറിലെ മുഴുവൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അക്രമികൾ കൊള്ളയും കൊള്ളിവയ്പും നടത്തി. വെസ്റ്റ് ഡാർഫറിലെ മിസ്തേറിയിൽ മേയ് 28ന് ആർഎസ്എഫും കൂട്ടാളികളും നടത്തിയ ആക്രമണത്തിൽ 97 പേർ കൊല്ലപ്പെട്ടിരുന്നു. മസാലിറ്റ് വിഭാഗത്തിലെ പുരുഷന്മാരെയാണ് കൊന്നൊടുക്കിയത്.
dgrf