യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ സൈക്കിളിൽനിന്നു വീണു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ സൈക്കിളിൽ നിന്നു വീണു. ഡെലവേറിലെ വസതിക്കു സമീപമുള്ള പാർക്കിൽ ശനിയാഴ്ച രാവിലെ പ്രഥമവനിത ജിൽ ബൈഡനൊപ്പം സൈക്കിൾ സവാരിക്കിടെയാണ് 79 കാരനായ പ്രസിഡന്‍റ് നേരിയ അപകടത്തെ അഭിമുഖീകരിച്ചത്.
ആളുകളോടു സംസാരിക്കുന്നതിനായി സൈക്കിൾ നിർത്തുന്പോൾ നിയന്ത്രണം നഷ്ടപ്പെട്ട അദ്ദേഹത്തിന്‍റെ നില തെറ്റുകയായിരുന്നു. ഉടൻ ചാടിയെഴുന്നേറ്റ പ്രസിഡന്‍റ് കുഴപ്പമൊന്നുമില്ലെന്നു പ്രതികരിക്കുകയും ചെയ്തു.
പ്രസിഡന്‍റിന് വൈദ്യപരിശോധനയുടെ ആവശ്യമില്ലെന്ന് വൈറ്റ്ഹൗസ്അറിയിച്ചു. യുഎസിന്‍റെ ചരിത്രത്തിലെ പ്രായമേറിയ പ്രസിഡന്‍റ് എന്നനിലയിൽ ബൈഡന്‍റെ ആരോഗ്യം രാജ്യത്തു നിരന്തരം ചർച്ചയാകുന്നുണ്ട്. പ്രത്യേകിച്ചും 2024 ൽ വീണ്ടും മത്സരിക്കുമെന്ന ആഭ്യൂഹങ്ങൾ ഉയരുന്നതിനാൽ.