യുക്രെയ്നിൽ നിന്ന് പലായനം തുടങ്ങി; 50 ലക്ഷം പേർ അഭയാർഥികളാകുമെന്ന് യുഎൻ
റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളിൽ നിന്നു ജനങ്ങൾ പലായനം തുടങ്ങി. ഇന്ധനം, പണം, മരുന്നുകൾ എന്നിവയ്ക്കു ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. 50 ലക്ഷം പേരെങ്കിലും രാജ്യം വിട്ടുപോയേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസികൾ അറിയിച്ചു. റഷ്യൻ ആക്രമണം തുടങ്ങിയതിനു പിന്നാലെ രാജ്യത്തിനകത്ത് ഒരു ലക്ഷം പേരെങ്കിലും വീടും നാടും വിട്ടു പലായനം ചെയ്തതെന്നാണു യുഎൻ കണക്ക്. മോൾഡോവ, റുമാനിയ, പോളണ്ട് എന്നിവ അടക്കം അയൽരാജ്യങ്ങളിലേക്ക് പതിനായിരങ്ങൾ എത്തിക്കഴിഞ്ഞതായും യുഎൻ യുഎൻ അഭയാർഥി വിഭാഗം സ്ഥിരീകരിച്ചു. യുക്രെയ്ൻ അതിർത്തി രാജ്യങ്ങളിൽ അഭയാർഥികൾക്കുള്ള താൽക്കാലിക കേന്ദ്രങ്ങൾ സജ്ജമായിട്ടുണ്ട്. അഭയാർഥികളെ സഹായിക്കാനായി എസ്തോണിയയിലേക്ക് യുകെ 1000 സൈനികരെ അയച്ചു. ഇസ്രയേൽ ജീവകാരുണ്യ സഹായങ്ങൾ വാഗ്ദാനം ചെയ്തു.

